‘കെ.സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകൾ തെരുവ് പട്ടിയുടെ കുരയെക്കാൾ വലിയ അസ്വസ്ഥതയാണ് ജനങ്ങൾക്കുണ്ടാക്കുന്നത്’ വി.കെ സനോജ്
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. കെ.സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകൾ തെരുവ് പട്ടിയുടെ കുരയെക്കാൾ വലിയ അസ്വസ്ഥതയാണ് ജനങ്ങൾക്കുണ്ടാക്കുന്നതെന്ന് വി.കെ സനോജ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം :
കേരളത്തിലെ സ്ത്രീകൾക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ നടത്തിയ ഹീനമായ പദപ്രയോഗം അദ്ദേഹത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ സ്ത്രീകൾ അഴിമതി നടത്തി തിന്ന് കൊഴുത്ത് പൂതനകളായി നടക്കുകയാണെന്ന പ്രസ്താവന അപലപനീയവും ഒരു രാഷ്ട്രീയ നേതാവിന് യോജിക്കാത്തതും ആണ്. 400 കോടി രൂപയുടെ അഴിമതിയാരോപണത്തിന്റെ പാപഭാരം പേറുന്ന സുരേന്ദ്രൻ സ്വന്തം മകനെ പിൻവാതിലിലൂടെ നിയമിച്ച അഴിമതിയുടെ ദുഷിച്ച ആൾരൂപമാണ്. അങ്ങനെ അഴിമതിയിൽ മുങ്ങിയ സുരേന്ദ്രന്റെ വാക്കുകൾ പൊതുവിൽ കേരളത്തോടുള്ള ബി ജെ പിയുടെ അവജ്ഞയിൽ നിന്നു വന്നതും വിശിഷ്യാ സ്ത്രീകളോടുള്ള അവരുടെ കാഴ്ചപ്പാടിന്റെ കൂടി പ്രതിഫലനമാണ്. കെ.സുരേന്ദ്രന്റെ ഇത്തരം സ്ത്രീവിരുദ്ധ പ്രസ്താവനകൾ തെരുവ് പട്ടിയുടെ കുരയെക്കാൾ വലിയ അസ്വസ്ഥതയാണ് ജനങ്ങൾക്കുണ്ടാക്കുന്നത്. ഇത്രയും നിന്ദ്യമായ വാക്കുകൾ സ്ത്രീകൾക്കെതിരെ ഉപയോഗിച്ച സുരേന്ദ്രൻ സംസ്‌കാരമില്ലാത്ത ഒരു രാഷ്ട്രീയ മാലിന്യമാണ്. സുരേന്ദ്രന്റെ ഈ സ്ത്രീവിരുദ്ധ പദപ്രയോഗത്തിനെതിരെ ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധിക്കുന്നു. സ്ത്രീത്വത്തെ അവഹേളിച്ച സുരേന്ദ്രനെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പത്രസമ്മേളനത്തിൽ അറിയിച്ചു.