Saturday, October 19, 2024
Kerala

സി.പി.ഐ.എം വനിതാ നേതാക്കൾക്കെതിരായ കെ. സുരേന്ദ്രന്റെ ആക്ഷേപം; യൂത്ത് കോൺഗ്രസ്‌ നേതാവ് വീണ മുഖ്യമന്ത്രിക്ക് പരാതി നൽകി

സി.പി.ഐ.എം വനിതാ നേതാക്കൾക്കെതിരായ കെ. സുരേന്ദ്രന്റെ പ്രസ്താവനയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. “കേരളത്തിലെ മാർക്സിസ്റ്റ്‌ വനിതാ നേതാക്കളെല്ലാം കാശടിച്ചു മാറ്റി….തടിച്ചു കൊഴുത്തു പൂതനകളായി. അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ് ” എന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വനിതാ നേതാക്കളെ പൂതനയോടു ഉപമിക്കുകയും, ബോഡി ഷെയ്മിങ്ങിനു വിധേയമാക്കുകയും ചെയ്ത പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രസ്തുത നടപടിയിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വീണ എസ് നായർ ആവശ്യപ്പെടുന്നു.

സിപിഐഎം വനിതാ നേതാക്കൾക്കെതിരായ പരാമർശത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ എ.എ റഹിം എം.പി രം​ഗത്തെത്തിയിരുന്നു. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ കെ. സുരേന്ദ്രന്റെ പരാമർശം പരിഷ്കൃത സമൂഹത്തിന് ഉചിതമല്ല. സ്ത്രീവിരുദ്ധതയും ബോഡിഷെയ്മിങ്ങും ആധുനിക കാലത്തിന് ചേർന്നതല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മനസിലാക്കണം.

ആധുനികകാലത്ത് സ്ത്രീകൾക്കും യുവാക്കൾക്കും ചേർന്നുനിൽക്കാൻ പറ്റാത്ത പാർട്ടിയായി ബിജെപി മാറിയിരിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ മനസ്സിലെ സ്ത്രീവിരുദ്ധ എത്രത്തോളം ഉണ്ടെന്നതിന് തെളിവാണ് ഇത്തരം പരാമർശങ്ങൾ. സ്ത്രീവിരുദ്ധതയാൽ വാർത്തെടുക്കപ്പെട്ട പാർട്ടിയാണ് ബിജെപി എന്ന് സുരേന്ദ്രൻ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സിപിഐഎം വനിതാ നേതാക്കൾക്കെതിരായ പരാമർശത്തിൽ നിർമ്മല സീതാരാമനും സ്മൃതി ഇറാനിയും നിലപാട് വ്യക്തമാക്കണം. ഇത് ആദ്യമായല്ല സുരേന്ദ്രൻ ഇത്തരം പരാമർശം നടത്തുന്നത്. യുവ ജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അധിക്ഷേപിച്ചത്.

ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണം. കമ്മീഷൻ അടിക്കൽ മാത്രമാണ് ചിന്ത ചെയ്യുന്ന ജോലിയെന്നും സുരേന്ദ്രൻ പരിഹസിച്ചിരുന്നു. കോഴിക്കോട് കലക്ടറേറ്റിലേക്ക് നടന്ന മാർച്ചിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. തന്റെ പരാമർശത്തിൽ മോശമായി ഒന്നുമില്ലെന്നും ചിന്ത ചെയ്യുന്നതാണ് അൺപാർലമെന്ററിയെന്നുമാണ് സുരേന്ദ്രൻ കളക്ടറേറ്റ് മാർച്ചിലെ പ്രസംഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published.