Thursday, January 9, 2025
Kerala

വി. മുരളീധരൻ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിച്ച് ജയിച്ചിട്ടില്ല; പരിഹാസവുമായി മന്ത്രി വി. ശിവൻകുട്ടി

കേന്ദ്രമന്ത്രി വി. മുരളീധരൻ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിച്ച് ജയിച്ചിട്ടില്ലെന്നും അതിനാൽ നാട്ടിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്നും മന്ത്രി വി. ശിവൻകുട്ടിയുടെ പരിഹാസം. മാറി മാറി ഭരിച്ചവർ കേരളത്തിൻ്റെ മഹത്തായ വിദ്യാഭ്യാസ പാരമ്പര്യത്തെ തച്ചുടച്ചുവെന്ന മുരളീധരന്റെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റങ്ങൾ തെളിയിക്കാം. ഇക്കാര്യത്തിൽ വി. മുരളീധരനെ വെല്ലുവിളിക്കുന്നു. സ്കൂളുകൾ നേരിട്ട് സന്ദർശിച്ചാൽ കാര്യം മനസിലാക്കും. നാട്ടിൽ നടക്കുന്ന വികസന പദ്ധതികളിലുള്ള അസൂയയും കുശുമ്പുമാണ് കാരണം. സ്കൂൾ പ്രവേശനത്തിനുള്ള വയസിന്റെ കാര്യത്തിൽ നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമാകും. പല കാര്യങ്ങളും പരിഗണനയിലുണ്ട്. വി. മുരളീധരൻ നേമത്ത് മത്സരിക്കാൻ വരണമായിരുന്നു. പാവം കുമ്മനത്തെ ഗവർണർ സ്ഥാനവും രാജിവയ്പിച്ചല്ലേ മത്സരിപ്പിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.

മാറി മാറി ഭരിച്ചവർ കേരളത്തിൻ്റെ മഹത്തായ വിദ്യാഭ്യാസ പാരമ്പര്യത്തെ തച്ചുടച്ചത് എങ്ങനെയെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ പറയുമ്പോൾ ” മുരളീധരൻ വിമർശിക്കുന്നേ” എന്ന് വിലപിച്ചിട്ട് കാര്യമില്ലെന്നാണ് മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചത്. ‘ഉച്ചക്കഞ്ഞിയും പാഠപുസ്തകവും നൽകിയാൽ സർക്കാരിൻ്റെ ചുമതല കഴിഞ്ഞു എന്ന് കരുതുന്നവരോട് സഹതപിക്കാനേ തരമുള്ളൂ. കേരളത്തെ മുച്ചൂടും മുടിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണത്തെ വാഴ്ത്തിപ്പാടലല്ല, അവരെ തുറന്നു കാട്ടലാണ് ജനങ്ങളോടുള്ള എൻ്റെ ഉത്തരവാദിത്തം’, മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *