കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന്‍; കെഎസ്‌യു പ്രതിഷേധത്തില്‍ ഗതാഗതമന്ത്രിയുടെ കോലം കത്തിച്ചു
കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ത്ഥി കണ്‍സഷന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിയല്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിലേക്ക് മാര്‍ച്ച് നടത്തി. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ കോലം കത്തിച്ചു. പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു.
കണ്‍സെഷനിലെ മാറ്റം വിദ്യാര്‍ഥികളുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും ശക്തമായ സമരമാര്‍ഗത്തിലേക്ക് നീങ്ങുമെന്നും കെഎസ്‌യുനേതൃത്വം വ്യക്തമാക്കി.
എന്നാല്‍ വിദ്യാര്‍ത്ഥികളുടെ നിലവിലെ കണ്‍സെഷന്‍ നിരക്ക് മാറ്റാനുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് മന്ത്രി ആന്റണി രാജു വ്യക്തമാക്കുന്നത്. അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
25 വയസിനുമുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ ആദായ നികുതി പരിധിയില്‍ വരുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ക്കും യാത്രാക്കൂലിയില്‍ ഇളവൊഴിവാക്കിയാണ് കെഎസ്ആര്‍ടിസി മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ഇതുപ്രകാരം സ്വകാര്യ കോളജിലെയും സ്‌കൂളിലെയും ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാക്കൂലിയില്‍ ഇളവുണ്ടാകും. പ്രായപരിധി നിജപ്പെടുത്തുന്നതോടെ 25 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷനുണ്ടാകില്ല. സ്വകാര്യ സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കില്‍ മുപ്പത് ശതമാനം ആനുകൂല്യം നല്‍കുമെന്നും കെഎസ്ആര്‍ടിസി മാര്‍ഗരേഖയില്‍ പറഞ്ഞു.