കൊവിഡ് ബാധിച്ച അമ്മമാർക്കുണ്ടായ കുട്ടികളിൽ 54% പേർക്കും ആദ്യനാളുകളിൽ മുലപ്പാൽ ലഭിച്ചിട്ടില്ല : പഠനം
കൊവിഡ് ബാധിച്ച അമ്മമാർക്കുണ്ടായ കുട്ടികളിൽ 54% പേർക്കും ആദ്യനാളുകളിൽ മുലപ്പാൽ ലഭിച്ചിട്ടില്ലെന്ന് പഠനം. കൊവിഡ് മഹാമാരി കൊടുമ്പിരികൊണ്ട് നിന്ന കാലത്ത് കുഞ്ഞുങ്ങൾ ജനിച്ചയുടനെ തന്നെ അമ്മമാരുടെ അടുത്ത് നിന്ന് മാറ്റുകയായിരുന്നുവെന്നും അതുകൊണ്ട് തന്നെ മുലപ്പാൽ നൽകാൻ സാധിച്ചിട്ടില്ലെന്നും പഠനം പറയുന്നു. ദി യൂറോപ്യൻ സൊസൈറ്റ് ഓഫ് പീഡിയാട്രിക് ആന്റ് നിയോനേറ്റൽ ഇന്റൻസീവ് കെയറും മർദോക് ചൈൽഡ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ലാൻസറ്റിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് അമ്മമാരിൽ നിന്ന കുഞ്ഞുങ്ങളിലേക്ക് കൊവിഡ് പടരുന്ന സംഭവം വിരളമായിരുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
കുഞ്ഞ് ജനിച്ച് ആദ്യ വർഷം അമ്മയും കുഞ്ഞും തമ്മിൽ തൊട്ടും തലോടിയുമുള്ള നല്ല ബന്ധം വേണമെന്നാണ് ശാസ്ത്രം. ആദ്യ നാളുകളിൽ ലഭിക്കുന്ന മുലപ്പാലാണ് കുഞ്ഞിന് ആസ്മ, അമിതവണ്ണം, ടൈപ്പ് 1 ഡയബെറ്റീസ് പോലുള്ള രോഗങ്ങളിൽ നിന്ന് പ്രതിരോധം നൽകുന്നത്. ഒപ്പം ഗർഭപാത്രത്തിന് പുറത്തുള്ള ലോകവുമായി പൊരുത്തപ്പെടാൻ അമ്മയുടെ ചൂടും സാമിപ്യവും ആവശ്യമാണ്. എന്നാൽ കൊവിഡ് പടിയിലമർന്ന ലോകത്ത് ഇത് സാധ്യമായിരുന്നില്ല. പഠനത്തിന് വിധേയമായ കുഞ്ഞുങ്ങളിൽ 50 ശതമാനത്തിലേറെ പേരും ആദ്യ നാളുകളിൽ അമ്മയുടെ സ്പർശനമേൽക്കാതെയാണ് വളർന്നത്.
ഫ്രാൻസ്, ബ്രസീൽ, ഇറ്റലി, അമേരിക്ക എന്നിങ്ങനെ പത്ത് രാജ്യങ്ങളിൽ നിന്നായി 692 കുട്ടികളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇതിൽ 54 ശതമാനം കുട്ടികളേയും ജനിച്ചയുടൻ തന്നെ അമ്മമാുടെ അടുക്കൽ നിന്നും മാറ്റിയിട്ടുണ്ട്. 7 ശതമാനം കുട്ടികൾക്ക് മാത്രമാണ് അമ്മമാരുടെ സാമിപ്യം ലഭിച്ചത്. 53 ശതമാനം കുട്ടികൾക്കും മുലപ്പാൽ ലഭിച്ചിട്ടില്ല. 24 ശതമാനം കുഞ്ഞുങ്ങൾക്ക് മാത്രമാണ് മുലപ്പാൽ ലഭിച്ചത്. എന്നാൽ 2020 ലെ വസന്തകാലം മുതൽ 2020-21 ലെ ശൈത്യകാലം വരെ മുലയൂട്ടലിൽ 70 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് ബാധിച്ച അമ്മമാർക്കുണ്ടായ കുഞ്ഞുങ്ങളിൽ 73 ശതമാനം പേരെയും നിയോനേറ്റൽ ഇന്റൻസിവ് കെയർ യൂണിറ്റിലേക്ക് മാറ്റിയിരുന്നു. ഇവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. കൊവിഡ് ബാധിച്ച അമ്മമാരിൽ നിന്ന് അഞ്ച് ശതമാനം കുഞ്ഞുങ്ങൾക്ക് മാത്രമേ കൊവിഡ് ബാധയേറ്റിട്ടുള്ളു.