Sunday, January 5, 2025
Kerala

കെഎസ്ആര്‍ടിസി എന്ന പേര് ഇന് കേരളത്തിനു മാത്രം, കര്‍ണ്ണാടകക്ക് ഉപയോഗിക്കാനാവില്ല

കോഴിക്കോട്: കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തിനു വേണ്ടി കേരളവും കര്‍ണ്ണാടകയും തമ്മിലുണ്ടായ തര്‍ക്കത്തില്‍ കേരളത്തിനു വിജയം. കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് ഇനി കര്‍ണാടക സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ഉപയോഗിക്കാനാവില്ല. കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും ലോഗോയും ആന വണ്ടി എന്ന പേരും കേരളത്തിന് അനുവദിച്ച് ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി.

കര്‍ണാടക അവരുടെ ബസ്സുകളിലും കെഎസ്ആര്‍ടിസി എന്നാണ് ഉപയോഗിച്ചിരുന്നത്. ഇതില്‍ തര്‍ക്കമില്ലാതെ പോകുന്നതിനിടയിലാണ് ഇത് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കരുതെന്നും കാണിച്ച് 2014 ല്‍ കര്‍ണാടക നോട്ടിസ് അയച്ചത്. ഇതോടെ അന്നത്തെ കെഎസ്ആര്‍ടിസി സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കിന് കേരളത്തിന് വേണ്ടി അപേക്ഷിച്ചു. അതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഒടുവില്‍ ട്രേഡ് മാര്‍ക്ക്‌സ് ആക്ട് 1999 പ്രകാരം കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും , എംബ്ലവും, ആനവണ്ടി എന്ന പേരും,കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ച് ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി.

ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിക്കരുതെന്ന് കാണിച്ച് കര്‍ണാടകത്തിന് ഉടന്‍ തന്നെ നോട്ടിസ് അയക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി യും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ അറിയിച്ചു. അതുപോലെ ‘ആനവണ്ടി ‘എന്ന പേര് പലരും ഉപയോഗിക്കുന്നുണ്ടെന്നും ഇതിനെതിരേയും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനി മുതല്‍ ആനവണ്ടി എന്ന ട്രേഡ്മാര്‍ക്കും കെഎസ്ആര്‍ടിസിക്ക് മാത്രമാകും ഉപയോഗിക്കാനാവുക.

Leave a Reply

Your email address will not be published. Required fields are marked *