Wednesday, January 8, 2025
Kerala

ഒരു മാസം നീണ്ടുനിന്ന എൽ ജി എസ് റാങ്ക് ഹോൾഡേഴ്‌സ് സമരം അവസാനിച്ചു; പിന്തുണച്ചവർക്ക് നന്ദിയുമായി ഉദ്യോഗാർഥികൾ

സെക്രട്ടേറിയറ്റിന് മുന്നിൽ എൽ ജി എസ് റാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്ന സമരം അവസാനിപ്പിക്കുന്നു. ഉദ്യോഗാർഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രി എ കെ ബാലനാണ് ഉദ്യോഗാർഥികളുമായി ചർച്ച നടത്തിയത്.

വാച്ച്മാൻമാരുടെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്താനും നൈറ്റ് വാച്ച്മാൻ ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് തന്നെ നിയമനം നടത്താനുള്ള ശുപാർശ നിയമപ്രകാരം ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യും. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്ത് അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികളുണ്ടാകും.

പലവിധത്തിലുള്ള സമരങ്ങൾക്കാണ് ഒരുമാസക്കാലം സെക്രട്ടേറിയറ്റിന് മുന്നിൽ വേദിയായത്. മുട്ടിലിഴഞ്ഞും യാചനസമരം നടത്തിയും മീൻ വിൽപ്പന നടത്തിയും ഉദ്യോഗാർഥികൾ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്, യുവമോർച്ച, കെ എസ് യു തുടങ്ങിയ സംഘടനകൾ പിന്തുണ അർപ്പിച്ച് രംഗത്തുവന്നു.

ഡിവൈഎഫ്‌ഐ സമരക്കാരുമായി ചർച്ച നടത്തി ഒത്തുത്തീർപ്പിനും ശ്രമിച്ചു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ 48 മണിക്കൂർ ഉപവസിക്കുകയും ചെയ്തു. പിന്തുണ നൽകിയ എല്ലാ രാഷ്ട്രീയ യുവജന സംഘടനകൾക്കും പൊതുജനങ്ങൾക്കും നന്ദി പറഞ്ഞു കൊണ്ടാണ് ഇവർ സമരം അവസാനിപപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *