ഉദ്യോഗാർഥികളുടെ സമരം കണ്ടില്ലെന്ന് നടിച്ചാൽ സർക്കാരിന് മുട്ടിലിഴയേണ്ടി വരും: ശോഭാ സുരേന്ദ്രൻ
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന് പിന്തുണയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സമര പന്തലിലെത്തി. മുട്ടിലിഴഞ്ഞും ശയന പ്രദക്ഷിണം നടത്തിയും ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിച്ചാൽ സർക്കാരിന് ഭാവിയിൽ മുട്ടിലിഴയേണ്ടി വരുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു
സമരത്തെ പിന്തുണക്കാൻ പലരും വരും. അതിനെ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തിനാണ്. സമരത്തെ ഭീഷണി കൊണ്ട് അടിച്ചമർത്താനാകില്ല. ഉദ്യോഗാർഥികൾക്കൊപ്പം ഇരുന്ന് സമരം ചെയ്യാത്തത് സമരത്തിന് രാഷ്ട്രീയത്തിന്റെ നിറം കൊടുക്കേണ്ട കാര്യമില്ലെന്നതിനാലാണ്. എന്നാൽ പിന്തുണക്കേണ്ടത് ഉത്തരാവാദിത്വമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് തെരുവിൽ എവിടെയെങ്കിലും ഇരുന്ന് പ്രതിഷേധത്തിൽ പങ്കെടുക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.