രക്ഷപ്പെട്ടത് സീറ്റ് ബെല്‍റ്റ് ധരിച്ചതിനാല്‍; അപകടം ഓര്‍മിപ്പിച്ച് ഡോ. വി വേണു
വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ട പ്രാധാന്യം ഓര്‍മിപ്പിച്ച് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു. മൂന്നാഴ്ച മുന്‍പ് തനിക്കും കുടുംബത്തിനുമുണ്ടായ വാഹനാപകടത്തെ കുറിച്ച് കുറിപ്പ് പങ്കുവച്ച ഡോ.വേണു, സീറ്റ് ബെല്‍റ്റ് ധരിച്ചതുകൊണ്ട് മാത്രമാണ് താനും കുടുംബവും രക്ഷപെട്ടതെന്നും ഓര്‍മിപ്പിച്ചു.
ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തി. സംസാരിക്കാന്‍ വിഷമമുണ്ട്. അപകടം ഇത്ര വലുതായിരുന്നിട്ടും ആഘാതം ഇത്രമാത്രമായി പരിമിതപ്പെട്ടത് സീറ്റ് ബെല്‍റ്റ് ധരിച്ചതുകൊണ്ടു മാത്രമാണ്. മുന്നിലിരുന്നവര്‍ക്ക് എയര്‍ബാഗിന്റെ പരിരക്ഷയും ലഭിച്ചു. എന്നാല്‍ താന്‍ കീഴ് ഭാഗത്തെ ബെല്‍റ്റ് മാത്രം ഉപയോഗിച്ചതുകൊണ്ടാണ് ഇത്രയധികം പരുക്ക് പറ്റിയതെന്ന് ഡോ.വേണു കുറിപ്പില്‍ പറഞ്ഞു. കാര്‍ യാത്രികര്‍ മുന്‍സീറ്റിലുള്ളവരും പിന്‍സീറ്റിലുള്ളവരും സീറ്റ് ബെല്‍റ്റ് കൃത്യമായി ധരിക്കണമെന്നും രാത്രികാലത്തെ അനാവശ്യ യാത്ര ഒഴിവാക്കണമെന്നും ഡോ വേണു ഓര്‍മിപ്പിച്ചു.