Thursday, January 9, 2025
Kerala

എന്നെയും കിറ്റെക്‌സിനെയും ഇല്ലാതാക്കാൻ പട്ടിണിപ്പാവങ്ങളെ തുറുങ്കിലടക്കരുത്; പൊലീസിന്റേത് കൊടുംക്രൂരത: സാബു എം ജേക്കബ്

തന്നെയും കിറ്റക്‌സിനെയും ഇല്ലാതാക്കാൻ പട്ടിണിപ്പാവങ്ങളെ തുറുങ്കിലടക്കരുതെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ്. നിരപരാധികളായ അന്യ സംസ്ഥാന തൊഴിലാളികളെ പിടിച്ച് ജയിലിലിട്ടത് പൊലീസിന്റെ കൊടും ക്രൂരത. ഇവരെ തുറന്ന് വിടാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും സാബു എം ജേക്കബ് പറഞ്ഞു.

”വളരെ യാദൃശ്ചികമായ അക്രമണമാണ് നടന്നത്. 164 പേരെ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. വെറും 23 പേർ മാത്രമാണ് പ്രതികൾ. മറ്റുള്ളവർ നിരപരാധികളാണ്. ഇതിൽ 11 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. രണ്ട് പേരെ ഞങ്ങൾ തന്നെ പൊലീസിന് കൈമാറും 12 പേർ ആരാണെന്ന് അറിയില്ല.

984 പേരാണ് അവിടെ താമസിക്കുന്നത്. 485 പേർ ഇതരസംസ്ഥാന തൊഴിലാളികൾ. മൂന്ന് ക്വാർട്ടേഴ്‌സുകളിലെ തൊഴിലാളികളെ പൊലീസ് കൊണ്ടുപോയി. ഹിന്ദിക്കാരെ മാത്രം പൊലീസ് തെരഞ്ഞെടുപിടിച്ചു. 10,11,12 ക്വാർട്ടേഴ്‌സിലുള്ളവർ മാത്രമാണ് കുറ്റക്കാരെന്ന് പൊലീസ് എങ്ങനെ മനസ്സിലാക്കി. ഇവരാണ് പ്രതികളെന്ന് പൊലീസ് എങ്ങനെ മനസ്സിലാക്കി.

നിയമം കയ്യിലെടുക്കാൻ കിറ്റക്‌സ് മാനേജ്‌മെന്റ് ആരേയും അനുവദിക്കാറില്ല. ഇവിടെ സൂപ്പർവൈസർക്ക് പോലും തൊഴിലാളികളെ കണ്ടാൽ മനസ്സിലാകില്ല. പിന്നെങ്ങനെയാണ് പൊലീസുകാർക്ക് പ്രതികളെ മനസ്സിലായത്. ഒരു ദൃശ്യവും പൊലീസിന്റെ കയ്യിൽ തെളിവായില്ല. നിയമ വിരുദ്ധമായി നീങ്ങുന്നവരെ സംരക്ഷിക്കാറില്ല. ഞങ്ങളുടെ അന്വേഷണത്തിൽ 164 പേരിൽ വെറും 23 പേർ മാത്രമാണ് യഥാർത്ഥ പ്രതികൾ. 13 പേരെ തിരിച്ചറിഞ്ഞത് ഞങ്ങളുടെ കാമറയിൽ നിന്നാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് നിരപരാധികളെ പ്രതികളാക്കിയതെന്ന് പൊലീസ് പറയണം”.

കുടുംബത്തെ വിട്ട് ജോലിക്ക് വന്നവരാണ് പലരും. സംസ്ഥാനങ്ങള് തമ്മിലുള്ള പ്രശ്നങ്ങളിലേക്ക് ഇത് കൊണ്ടു പൊകരുത്. മലയാളികളും ഇതര സംസ്ഥാനങ്ങളിൽ പോയി ജോലി ചെയ്യുന്നുണ്ട്. അവർക്കെതിരെ അവിടെ അക്രമണം ഉണ്ടായാൽ എങ്ങിനെയിരിക്കും. കമ്പനി അടക്കാൻ ഞാൻ തയ്യാറാണ്. അതാണ് നിങ്ങളുടെ ആവശ്യമെങ്കിൽ തുറന്ന് പറയണമെന്നും സാബു എം ജേക്കബ് പറഞ്ഞു. അക്രമ ദിവസത്തെ കമ്പനിക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *