Wednesday, January 8, 2025
Kerala

വാക്സിനേഷൻ പൂർത്തിയാക്കാതെ ജനങ്ങളുടെമേൽ വൻ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതം: സാബു എം.ജേക്കബ്

 

കൊച്ചി: കോവിഡ് വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കാതെ ജീവിക്കാൻ പുറത്തിറങ്ങുന്ന ജനങ്ങളുടെമേൽ വൻ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് കിറ്റെക്സ് ചെയർമാൻ സാബു എം ജേക്കബ്. വാക്സിൻ ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസമാക്കിയതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി വന്നതിനോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്സിനേഷൻ വേഗത്തിലാക്കാൻ സാധിക്കാത്ത വീഴ്ചയ്ക്ക് ജനങ്ങളെ ബലിയാടാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഇടവേള കുറഞ്ഞതും ഫലപ്രാപ്തി കൂടിയതുമായ സ്പുട്‌നിക് ഉൾപ്പെടെയുള്ള വാക്സിനുകള്‍ ഉള്ളപ്പോള്‍ ആ സാധ്യത സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ലെന്നും സാബു എം ജേക്കബ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് വാക്സിന് ക്ഷാമമെന്നും സ്വകാര്യ ആശുപത്രികളില്‍ സുലഭമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കേന്ദ്രത്തില്‍നിന്നും വാക്സിൻ ലഭിക്കുന്നതിന് കാത്തിരിക്കാതെ കേരളത്തിൽ സ്വകാര്യ മേഖലയിലെ വാക്സിൻ സൗജന്യമായി നല്‍കി വാക്സിനേഷന്‍ വേഗത്തിലാക്കണമെന്നും ഇതിനായി തമിഴ്‌നാട് മാതൃക അവലംബിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരമാവധി വേഗത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നതെന്നും എന്നാൽ നമ്മുടെ രാജ്യത്ത് ഇടവേള ദീര്‍ഘിപ്പിച്ചത് വ്യാപനം കൂട്ടുകയാണു ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *