സമരക്കാരെ അടിച്ചൊതുക്കാൻ സർക്കാർ ശ്രമമെന്ന് യൂജിൻ പെരേര; നാളെ അപ്പീൽ നൽകുമെന്ന് സമരസമിതി
തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകുമെന്ന് മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേര. തുറമുഖ നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ഫാ. യൂജിൻ പെരേര ആരോപിച്ചു. അദാനി കമ്പനിക്ക് തുറമുഖ നിർമ്മാണവുമായി മുന്നോട്ട് പോകാമെന്ന കോടതി വിധിക്കെതിരെ നാളെ അപ്പീൽ നല്കും. വിഴിഞ്ഞത്ത് സംഘർഷത്തിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്നും യുജിൻ പെരേര ആരോപിച്ചു. പ്രദേശവാസികളുമായി പ്രശ്നങ്ങളില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്നലെ തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികൾ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ശക്തമായ കല്ലേറും ഉണ്ടായി. നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു. എതിർപ്പ് ശക്തമായതോടെ നിർമാണ സാമഗ്രികളുമായി എത്തിയ ലോറികൾക്ക് പദ്ധതി പ്രദേശത്തേക്ക് കടക്കാൻ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നിരുന്നു. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. സമരപ്പന്തൽ മറികടന്ന് മുന്നോട്ട് പോകാൻ ലോറികൾക്ക് കഴിഞ്ഞിരുന്നില്ല. നൂറ്റമ്പതോളം ദിവസമായി പ്രദേശത്തെ പദ്ധതി നിർമ്മാണം തടസപ്പെട്ടിരിക്കുകയാണ്.