വിഴിഞ്ഞം: സമരത്തിൽ നിന്ന് പിന്നോട്ടില്ല, ലത്തീൻ അതിരൂപത പള്ളികളിൽ നാളെ സർക്കുലർ
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആഹ്വാനവുമായി ലത്തീൻ അതിരൂപത. സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്ന ആഹ്വാനവുമായി ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ നാളെ സർക്കുലർ വായിക്കും. ഇനിയുള്ള ദിവസങ്ങളിലെ സമരക്രമവും നാളെ പ്രഖ്യാപിക്കും.
അതേസമയം, വിഴിഞ്ഞത് ഇന്നും സംഘർഷാവസ്ഥയുണ്ടായി. തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം തീരവാസികൾ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായി മാറുകയായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേറും ഉണ്ടായി. നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു.
എതിർപ്പ് ശക്തമായതോടെ നിർമാണ സാമഗ്രികളുമായി എത്തിയ ലോറികൾ പദ്ധതി പ്രദേശത്തേക്ക് കടക്കാൻ കഴിയാതെ മടങ്ങിപ്പോയി. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. സമരപ്പന്തൽ മറികടന്ന് മുന്നോട്ട് പോകാൻ ലോറികൾക്ക് കഴിഞ്ഞില്ല. നിർമ്മാണം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി ആവർത്തിച്ചു.
ശക്തമായ പ്രതിഷേധത്തിനാണ് ഇന്ന് വിഴിഞ്ഞം സാക്ഷിയായത്. രണ്ട് ചേരിയായി തിരിഞ്ഞ് ഏറ്റ് മുട്ടിയ തീരവാസികളെ പൊലീസ് ശ്രമപ്പെട്ടാണ് അനുനയിപ്പിച്ചത്. നൂറ്റമ്പതോളം ദിവസമായി പ്രദേശത്തെ പദ്ധതി നിർമ്മാണം തടസപ്പെട്ടിരിക്കുകയാണ്. പൊലീസ് സംരക്ഷണത്തോടെ നിർമ്മാണ പ്രവർത്തികളുമായി മുന്നോട്ട് പോകാൻ കോടതി നിർദ്ദേശമുണ്ട്. സംരക്ഷണമൊരുക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോടും നിർദ്ദേശിച്ചിരുന്നു