‘സുധാകരന്റെ ആരോഗ്യം നന്നായി വരട്ടെ’; ആരോടും അമര്‍ഷമില്ലെന്ന് ശശി തരൂര്‍
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ആരോടും അമര്‍ഷമില്ലെന്ന് ഡോ.ശശി തരൂര്‍ എംപി. തനിക്ക് ആരുമായും അമര്‍ഷമില്ല. കെ സുധാകരനുമായുള്ളത് നല്ല ബന്ധമാണ്. അദ്ദേഹത്തിന്റെ ആരോഗ്യം നന്നായി വരട്ടെയെന്നും തരൂര്‍ ആശംസിച്ചു.
‘കോണ്‍ഗ്രസില്‍ വിവാദമുണ്ടായിരിക്കാം. പക്ഷേ അതൊന്നും ഞാനുണ്ടാക്കിയതല്ല. ഇന്നത്തെ പരിപാടിയില്‍ കെപിസിസി പ്രസിഡന്റ് വരുന്നില്ലെന്നാണ് അറിഞ്ഞത്. അദ്ദേഹത്തിന് ചില അസൗകര്യങ്ങളുണ്ട്. അതെല്ലാം മാറട്ടെ. സൂമില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. പരിപാടിയുടെ സംഘാടകര്‍ ഞാനല്ല. ക്ഷണിച്ച സമയത്ത് വന്ന് മടങ്ങും. അല്ലാതെ ആരെയും കാണാതിരിക്കുന്ന പ്രശ്‌നമൊന്നുമില്ല. മിണ്ടാതിരിക്കാന്‍ ഇത് കിന്‍ഡര്‍ ഗാര്‍ഡനൊന്നുമല്ലല്ലോ’. തരൂര്‍ പ്രതികരിച്ചു.
കോണ്‍ഗ്രസിലെ ശശിതരൂര്‍ വിവാദങ്ങള്‍ക്കിടെ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഡി കോട് കോണ്‍ക്ലേവ് ഇന്ന് കൊച്ചിയില്‍ നടക്കുകയാണ്. ശശി തരൂരിനൊപ്പം വേദി പങ്കിടാതെ ഓണ്‍ലൈന്‍ ആയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പരിപാടിയില്‍ പങ്കെടുക്കുക. വൈകീട്ടാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കേണ്ട ലീഡേഴ്‌സ് ഫോറം.
സംസ്ഥാന രാഷ്ട്രീയത്തില്‍ തേരോട്ടം തുടങ്ങുന്ന ശശി തരൂരിനെ തള്ളണോ കൊള്ളണോ എന്ന ചര്‍ച്ചകള്‍ക്കിടെയാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് തരൂരിനെ കൊച്ചിയില്‍ ഇറക്കുന്നത്. ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷകന്‍ ആണ് തരൂര്‍. ശശി തരൂര്‍, കെ സുധാകരന്‍, വി ഡി സതീശന്‍ എന്നിവര്‍ക്കായിരുന്നു പരിപാടിയില്‍ ക്ഷണം.
ഉദ്ഘാടന ചടങ്ങിലായിരുന്നു ശശി തരൂരും കെ സുധാകരനും പങ്കെടുക്കേണ്ടത്. എന്നാല്‍ കെപിസിസി അധ്യക്ഷന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന വാര്‍ത്ത വലിയ ചര്‍ച്ച ആയതോടെ ഓണ്‍ലൈന്‍ ആയി പങ്കെടുക്കുമെന്ന് കെ സുധാകരന്‍ അറിയിച്ചു. അസൗകര്യം ഉള്ളത് കൊണ്ടാണ് നേരിട്ടെത്താത്തതെന്നും മറ്റ് ചില ആവശ്യങ്ങള്‍ ഉണ്ടെന്നുമായിരുന്നു വിശദീകരണം.