Tuesday, January 7, 2025
Kerala

സമരം നിർവീര്യമാക്കാൻ സർക്കാർ ശ്രമിച്ചു; അതിനായി സിപിഐഎം ബിജെപിയുമായി കൈ കോർത്തുവെന്ന് യൂജിൻ പെരേര

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് വൈദീകർക്കെതിരെയുൾപ്പെടെ കേസെടുത്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത. സർക്കാർ ആരോഗ്യകരമായി ചർച്ച നടത്തിയിട്ടില്ലെന്ന് മോൺസിഞ്ഞോർ യൂജിൻ പെരേര. സമരം നിർവീര്യമാക്കാനാണ് സർക്കാർ ശ്രമിച്ചത്. അതിനു വേണ്ടി സിപിഐഎം ബിജെപിയുമായി കൈ കോർത്തു. സമരക്കാരെ പൊലീസ് തടഞ്ഞത് അതിനുദ്ദാഹരണമെന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

വൈദിക്രെ ഉൾപ്പടെ തടഞ്ഞു. തോമസ് ജെ.നെറ്റൊ സ്ഥലത്തു പോലും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനെതിരെയാണ് കേസെടുത്തത്. കേസെടുത്തത് നിഷേധാത്മകമായ സമീപനമാണ്. സംഘർഷം ഉണ്ടാക്കാൻ സർക്കാർ ശ്രമിച്ചു. അതിനു ആസൂത്രിതമായ നീക്കം നടത്തിയെന്നും യൂജിൻ പെരേര കുറ്റപ്പെടുത്തി.

സർക്കാർ നീക്കം നിഗൂഢമാണ്. കോടതിക്കു മുന്നിൽ സമരക്കാരെ പ്രതിരോധത്തിലാക്കാനാണ് നീക്കം. വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്ന ജനകീയ കൂട്ടായ്മ സർക്കാരിന്റെ തന്ത്രമാണ്. അവരാണ് സംഘർഷമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിൽ അൻപതിലധികം വൈദികരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റൊ കേസിൽ ഒന്നാം പ്രതിയാണ്. കൂടാതെ കണ്ടാലറിയാവുന്ന 1000 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. രണ്ടു ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസുണ്ട്. ലഭിച്ച പരാതിക്ക് പുറമേ പൊലീസ് സ്വമേധയായും കേസെടുത്തു.

പ്രതിപ്പട്ടികയിലെ ഒന്നു മുതൽ 15 വരെയുള്ള വൈദികർ സംഘർഷ സ്ഥലത്ത് നേരിട്ടെത്തിയവരല്ല. എന്നാൽ ഇവർ ചേർന്ന് ഗൂഢാലോചന നടത്തുകയും അതിനുശേഷം കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് മുല്ലൂരിലെത്തുകയും സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദേശം മറികടന്ന് സംഘർഷം സൃഷ്ടിക്കുകയും ചെയ്തെന്ന് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. വധശ്രമം, ഗൂഡാലോചന, അന്യായമായി സംഘം ചേരൽ, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, വിഴിഞ്ഞത്ത് സമരത്തിന്റെ പേരിൽ ബോധപൂർവം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി ആന്റണി രാജു കുറ്റപ്പെടുത്തി. സർക്കാരും പൊലീസും ആത്മസംയമനം പാലിച്ചു. ഇതിനെ പൊലീസിന്റെ ദൗർഭല്യമായി ആരും കണക്കാക്കണ്ടെന്നും മന്ത്രി പറഞ്ഞു.

സർക്കാർ കൃത്യമായി ഇടപെട്ടു. മുഖ്യമന്ത്രി ഉൾപ്പെടെ ചർച്ച നടത്തി. സർക്കാരിനെ കൊണ്ടു ചെയ്യാൻ സാധിക്കുന്ന എല്ലാം ചെയ്തു. എന്നിട്ടും സമരത്തിൽ നിന്ന് പിന്മാറാൻ തയാറായിട്ടില്ല. യാഥാർത്ഥ്യ ബോധത്തോടെ പെരുമാറാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

തീരദേശത്തെ സംഘർഷ ഭൂമിയാക്കി മാറ്റാനുള്ള ശ്രമം ജനങ്ങൾ അംഗീകരിക്കില്ല. സംഘർഷം ഉണ്ടാക്കി നാട്ടിൽ നിലനിൽക്കുന്ന സമാധാനം അന്തരീക്ഷം തകർക്കാൻ ആരും ശ്രമിക്കരുത്. അതിന് ആരും ചട്ടുകം ആകരുതെന്നും ആന്റണി രാജു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *