Thursday, January 9, 2025
Kerala

വിഴിഞ്ഞം സമരം; സമരസമിതിയുമായി ഇനി ചർച്ചയ്ക്ക് മുൻകൈ എടുക്കില്ലെന്ന് സർക്കാർ

വിഴിഞ്ഞം സമരത്തിൽ സമരസമിതിയുമായി ഇനി ചർച്ചയ്ക്ക് മുൻകൈ എടുക്കില്ലെന്ന് സർക്കാർ. സമരസമിതിക്ക് അനാവശ്യ പിടിവാശിയെന്ന് സർക്കാർ ആരോപിച്ചു. തുറമുഖ നിർമാണം നിർത്തിവെക്കാൻ ഒരു തരത്തിലും സാധിക്കില്ല. പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചിട്ടും സമരസമിതി പിടിവാശി തുടരുന്നു.
ചെയ്യാൻ ആവുന്ന കാര്യങ്ങളിൽ സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തുവെന്ന് സർക്കാർ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നു. സാമൂഹികാഘാത പഠനത്തിന് സർക്കാർ തയാറാണ്. പഠന സമിതിയിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളെ ഉൾപെടുത്താമെന്നും സർക്കാർ അറിയിച്ചു. മന്ത്രിമാരും മുഖ്യമന്ത്രിയും പലവട്ടം നേരിട്ട് ചർച്ച നടത്തിയിട്ടും സമര സമിതി വഴങ്ങാത്തത് ദുഷ്ടലാക്കെന്നും സർക്കാർ പറഞ്ഞു.

അതേസമയം മത്സ്യത്തൊഴിലാളികളുടെ വിഷയത്തിൽ എല്ലാ കാര്യങ്ങളും സർക്കാർ പരിഗണിച്ചുവെന്നും സമരം നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്നും മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. വിഴിഞ്ഞത്ത് ലത്തീൻ അതിരൂപതയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ക്കാൻ ആകില്ലെന്ന് കോടതി തന്നെ പറഞ്ഞതാണ്. ഇതുമായി ബന്ധപ്പെട്ട് ചർച്ച ഇനിയും തുടരും. സമരം ശക്തമാക്കുമെന്ന് തങ്ങളോട് ലത്തീൻ അതിരൂപത പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ഒരു ആക്ഷേപവും നടത്തിയിട്ടില്ല. സമരം നീട്ടിക്കൊണ്ടുപോകുന്നതിൽ ഒരർത്ഥവുമില്ല. ഓരോ കാര്യങ്ങളിലും കൃത്യമായി നടപടി എടുത്താണ് സർക്കാർ പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *