Monday, January 6, 2025
Kerala

വിഴിഞ്ഞം സമരം കലാപനീക്കം, വിമോചനസമരത്തിന്റെ പാഠപുസ്തകം ചിലരുടെ കൈയിലുണ്ട്: സിപിഐഎം മുഖപത്രം

വിഴിഞ്ഞം സമരത്തിനെതിരെ സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി. വിമോചനസമരത്തിന്റെ പാഠപുസ്തകം ചിലരുടെ കൈയിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും പദ്ധതി പ്രദേശത്ത് അന്യായമായി കടന്നുള്ള ഉറഞ്ഞുതുള്ളല്‍ കോടതിവിധി നിലനില്‍ക്കെയാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. പ്രതിപക്ഷം നിരുത്തരവാദപര രാഷ്ട്രീയമാണ്‌ പയറ്റുന്നത്‌. വസ്‌തുതകൾ മുഖവിലയ്‌ക്കെടുക്കാതെ എൽഡിഎഫ്‌ സർക്കാരിനെതിരെ വീണുകിട്ടുന്നതെല്ലാം എടുത്തെറിയുകയാണ്‌. സമരം കലാപം ലക്ഷ്യമിട്ടുള്ളതാണെന്നും മുഖപത്രം ആരോപിക്കുന്നു.

പൊലീസുകാർക്കും മാധ്യമപ്രവർത്തകർക്കുംനേരെ ആസൂത്രിതവും സംഘടിതവുമായ അതിക്രമമാണ്‌ സമരക്കാർ അഴിച്ചുവിട്ടത്. പൊലീസിന്റെ ഭാഗത്തുനിന്ന്‌ ഒരു പ്രകോപനവുമില്ലാതെയായിരുന്നു അഴിഞ്ഞാട്ടം. വൈദികരടക്കമുള്ളവരാണ്‌ നേതൃത്വത്തിൽ ഉണ്ടായതെന്നതും ഗൗരവതരമാണെന്നും എഡിറ്റോറിയൽ പറയുന്നു.

തുറമുഖ നിർമാണം നിർത്തി തീരശോഷണത്തെപ്പറ്റി പഠനം നടത്തണമെന്ന ആവശ്യമൊഴികെ മറ്റ് ആറെണ്ണവും സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുണ്ട്. പദ്ധതി നിർത്തണമെന്ന നിർദേശം നടപ്പാക്കാനാകാത്തതാണെന്ന്‌ പലപ്രാവശ്യം നടത്തിയ ചർച്ചകളിൽ സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്‌. പക്ഷേ ചർച്ചകളിൽ തീരുമാനം അറിയിക്കാമെന്ന്‌ പറഞ്ഞുപിരിയുന്ന നേതാക്കൾ ആക്രോശങ്ങളോടെ വീണ്ടും സമരമുഖത്ത്‌ സാന്നിധ്യമറിയിക്കുകയാണെന്ന് മുഖപത്രത്തിൽ പറയുന്നു.
 

Leave a Reply

Your email address will not be published. Required fields are marked *