കാസർഗോഡ് ചട്ടഞ്ചാലിലെ ടാറ്റാ ആശുപത്രി അടച്ചുപൂട്ടാൻ നീക്കം
കാസർഗോഡ് ചട്ടഞ്ചാലിലെ ടാറ്റാ ആശുപത്രി അടച്ചുപൂട്ടാൻ നീക്കം. ആശുപത്രിയിലെ അവശേഷിക്കുന്ന ജീവനക്കാരെ ജില്ലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റാനും, ഉപകരണങ്ങളും മരുന്നുകളും തിരികെയെടുക്കാനും ആരോഗ്യവകുപ്പ് നീക്കം തുടങ്ങി. കഴിഞ്ഞ രണ്ടാഴ്ച്ചയായി ആശുപത്രിയിൽ രോഗികളൊന്നും ചികിത്സയിലില്ല. )
കൊവിഡ് ബാധിതർ കുറഞ്ഞതോടെ ആശുപത്രിയിലെ ഭൂരിഭാഗം ജീവനക്കാരെയും നേരത്തെ തന്നെ സ്ഥലം മാറ്റിയിരുന്നു. ചികിത്സ തേടി പൂർണമായും രോഗികൾ എത്താത്തതോടെ അവശേഷിക്കുന്ന രണ്ട് ഡോക്ടർമാർ ഉൾപ്പടെ ഇരുപത് ജീവനക്കാരെ കൂടി മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നീക്കം. വെൻറിലേറ്ററകളും, കിടക്കകളും, ലാബ് ഉപകരണങ്ങളും ജില്ലയിലെ മറ്റ് ആശുപത്രികളിലേക്ക് എത്തിക്കാൻ തീരുമാനമായി. കൊവിഡ് കാലത്ത് ഏറെ പ്രതീക്ഷയോടെ ആരംഭിച്ച ആശുപത്രി അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാണ്.
എൻഡോസൾഫാൻ ദുരിത ബാധിതർക്കായുള്ള പാലിയേറ്റീവ് കേന്ദ്രമായി ആശുപത്രിയെ മാറ്റണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. നൂതന ചികിത്സാ സംവിധാനങ്ങൾ ഒരുക്കി സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തണമെന്ന് ജില്ലയിലെ ഇടത് എം.എൽ.എമാർ തന്നെ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ കാര്യങ്ങൾ പരിഗണിക്കാൻ ഇതുവരെ ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ല.