പാവപ്പെട്ടവർക്ക് ആശ്വാസമായി കേരളത്തിലെ ഒരു സ്വകാര്യ ആശുപത്രി; കൊവിഡ് രോഗികൾക്ക് ചികിത്സ പൂർണമായും സൗജന്യം
പാറശാല: കൊവിഡ് രോഗികളിൽ നിന്നും അമിത നിരക്ക് ഇടാക്കുന്ന സ്വകാര്യ ആശുപത്രി വാർത്തകൾക്കിടയിൽ നിന്നും വ്യത്യസ്തമായി ഒരു ആശുപത്രി കേരളത്തിലുണ്ട്. സർക്കാർ ആശുപത്രി പോലെ തന്നെ ഇവിടെയും കൊവിഡ് ചികിത്സകൾ സൗജന്യമാണ്. പാവപ്പെട്ടവർക്ക് ഓക്സിജൻ സൗകര്യമടക്കമുള്ള ചികിത്സകൾ ഈ ആശുപത്രിയിൽ പൂർണമായും സൗജന്യമാണ്. പാറശാല പവതിയാൻവിളയിൽ പ്രവർത്തിക്കുന്ന സരസ്വതി ആശുപത്രി ആണ് കോവിഡ് ബാധിതർക്ക് കൈത്താങ്ങായി സൗജന്യ ചികിത്സ നൽകുന്നത്.
അടിയന്തര ചികിത്സ വേണ്ട ബി, സി വിഭാഗത്തിൽപെട്ട രോഗികൾക്കാണ് ഫീൽഡ് ആശുപത്രി എന്ന പേരിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ പ്രവേശനമുള്ളു. മരുന്ന്, ഭക്ഷണം, ചികിത്സ തുടങ്ങിയവ പൂർണമായും സൗജന്യമാണ്. 6 ഓക്സിജൻ കിടക്കൾ അടക്കം 20 ഓളം പേർക്ക് ഓരേസമയം ഇവിടെ ചികിത്സാ സൗകര്യമുണ്ട്.
ബിപിഎൽ, എപിഎൽ വിഭാഗത്തിലെ വരുമാനം കുറഞ്ഞവർക്കാണ് പ്രവേശനത്തിന് അർഹത. എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്, റവന്യു അധികൃതർ എന്നിവരുടെ സാക്ഷ്യപത്രം ആവശ്യമാണ്. കോവിഡ് സെന്ററിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് കൊവിഡ് രോഗികൾക്കായുള്ള ഈ സൗജന്യ ചികിത്സാ നടപ്പിലാക്കുന്നത്.