മരം മുറി വിവാദം: ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതിൽ വിശദീകരണം തേടി കേന്ദ്രം
മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതിൽ കേരളത്തോട് വിശദീകരണം ചോദിച്ച് കേന്ദ്രസർക്കാർ. വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷനിലാണ് കേന്ദ്രം വിശദീകരണം ചോദിച്ചത്.
മാധ്യമവാർത്തകളിലൂടെയാണ് ഉദ്യോഗസ്ഥന്റെ സസ്‌പെൻഷൻ അറിഞ്ഞതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നു. സസ്‌പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ, സസ്‌പെൻഷനിലേക്ക് നയിച്ച കാര്യങ്ങൾ എന്നിവ ഹാജരാക്കാനും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കേന്ദ്രം ആവശ്യപ്പെടുന്നു
അതേസമയം സസ്‌പെൻഷൻ കേന്ദ്രത്തെ മുൻകൂറായി അറിയിക്കേണ്ടതില്ലെന്നാണ് സർക്കാർവൃത്തങ്ങൾ പറയുന്നത്. സസ്‌പെൻഷൻ ദീർഘിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ മാത്രം മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യം അറിയിച്ചാൽ മതി. കേന്ദ്രത്തിന് ഇചട്ടപ്രകാരമുള്ള മറുപടി നൽകുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.