കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കണം: കേരളത്തിന് നിർദേശവുമായി കേന്ദ്രം
കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ കേരളത്തിന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തിലാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
കേരളത്തിൽ കോൺടാക്ട് ട്രേസിംഗ് ഉടൻ ശക്തിപ്പെടുത്തണമെന്നും,രണ്ടാം ഡോസ് കൊവിഡ് വാക്സിൻ എല്ലാവരിലും സമയബന്ധിതമായി എത്തിക്കാൻ സമഗ്ര പദ്ധതി തയ്യാറാക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു. രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിൽ നിന്നാണ്.
അതേസമയം രാജ്യത്ത് നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങൾ അടുത്ത മാസം 30 വരെ തുടരുമെന്ന് ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു. ദീപാവലി, ചാത് പൂജ തുടങ്ങിയ ആഘോഷങ്ങൾ മുന്നിൽ കണ്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കത്തിൽ നിർദേശിച്ചിട്ടുണ്ട്. വലിയ ആൾക്കൂട്ടങ്ങൾ അനുവദിക്കരുത്. ഇതിനായി പ്രാദേശിക അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കണം. നിയന്ത്രണങ്ങൾ കഴിഞ്ഞ ഏപ്രിൽ 25നും ജൂൺ 28നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടിച്ച മാർഗനിർദേശങ്ങൾക്കു വിധേയമായിരിക്കണമെന്ന് കത്തിൽ പറയുന്നു.