Monday, January 6, 2025
Kerala

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു

മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി പ്രസിഡന്റുമായിരുന്ന സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു.

അഞ്ച് വര്‍ഷം കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരുന്നു കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ആദര്‍ശ മുഖമായിരുന്ന സതീശന്‍ പാച്ചേനി. ഈ മാസം 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെ എസ് യുവിലൂടെയായിരുന്നു സതീശന്‍ പാച്ചേനി രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. കെഎസ് യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന അധ്യക്ഷ പദവികളിലും പ്രവര്‍ത്തിച്ചു.

അഞ്ച് തവണ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സതീശന്‍ പാച്ചേനി മത്സരിച്ചിട്ടുണ്ട്. 1996ല്‍ തളിപ്പറമ്പില്‍ നിന്നുമാണ് ആദ്യമായി നിയമസഭയിലേക്ക് ജനവിധി തേടിയത്. 2001ലും 2006ലും വി എസ് അച്യുതാനന്ദനെതിരെ മലമ്പുഴയില്‍ മത്സരിച്ചു. 2009ല്‍ പാലക്കാട് ലോക്‌സഭാ സീറ്റില്‍ എംബി രാജേഷിനെതിരെ മത്സരിച്ചു. 2016ലും 2021ലും കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലും മത്സരിച്ചു.

കമ്യൂണിസ്‌ററ് പാര്‍ട്ടി പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ ദാമോദരന്റെയും നാരായണിയുടെയും മൂത്ത മകനായി തളിപ്പറമ്പില്‍ 1968ലായിരുന്നു സതീശന്‍ പാച്ചേനി ജനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *