ഫ്‌ളാറ്റില്‍ വരുത്തി മയക്കുമരുന്ന് നല്‍കി പണം തട്ടിയെടുക്കൽ; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
കൊച്ചി: തോപ്പുംപടിയിൽ യുവതിയെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഇടപ്പള്ളി സ്വദേശി ടിജോ റെന്‍സ് (30), തൃശ്ശൂര്‍ പേരാമംഗലം സ്വദേശിനി ജ്യോത്സന (26), വാഴക്കാല സ്വദേശി സഫീര്‍ (27) എന്നിവരെയാണ് തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം തട്ടിയത്. ആഗസ്റ്റ് 22ന് ആയിരുന്നു സംഭവം.
തോപ്പുംപടി സ്വദേശിനിയായ യുവതിയെ ഇടപ്പള്ളിയിലുള്ള ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കുകയായിരുന്നത്രെ. തുടര്‍ന്ന് അവരെ ഭീഷണിപ്പെടുത്തി ൈകയിലുണ്ടായിരുന്ന പണം തട്ടിയെടുത്തു. എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് അവരുടെ അക്കൗണ്ടില്‍നിന്ന് പണമെടുത്തു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. മയക്കുമരുന്ന് നല്‍കിയ ശേഷം ആളുകളില്‍നിന്ന് പണം തട്ടുന്ന റാക്കറ്റിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് പോലീസ് പറയുന്നത്. പ്രധാനമായും സ്ത്രീകളെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് പറഞ്ഞു.
മട്ടാഞ്ചേരി അസി. കമ്മീഷണര്‍ വി.ജി. രവീന്ദ്രനാഥിന്റെ നിര്‍ദേശപ്രകാരം തോപ്പുംപടി ഇന്‍സ്‌പെക്ടര്‍ സി.ജെ. മാര്‍ട്ടിന്റെ നേതൃത്വത്തില്‍ എസ്.ഐ. സെബാസ്റ്റ്യന്‍ പി. ചാക്കോ, എസ്.സി.പി.ഒ. അനീഷ്. സി.പി.ഒ. ഉമേഷ് ഉദയന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.