റേഞ്ച് കിട്ടാൻ മരത്തിൽ കയറി താഴെ വീണ് പരുക്കേറ്റ വിദ്യാർഥിയുടെ പിതാവിനെ ഫോണിൽ വിളിച്ച് മന്ത്രി ശിവൻകുട്ടി
കണ്ണൂരിൽ മരത്തിൽ നിന്നും താഴെ വീണ് പരുക്കേറ്റ വിദ്യാർഥിയുടെ പിതാവിനെ മന്ത്രി വി ശിവൻകുട്ടി ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. ഫോണിന് റേഞ്ച് ലഭിക്കാനായാണ് കുട്ടി മരത്തിൽ കയറിയത്. കണ്ണൂർ കലക്ടറെയും കുട്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയുടെ സൂപ്രണ്ടിനെയും മന്ത്രി വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് കലക്ടർക്ക് നൽകിയ നിർദേശം.
കണ്ണൂർ കണ്ണവം വനമേഖലയിലെ പന്യോട് ആദിവാസി കോളനിയിൽ താമസിക്കുന്ന അനന്തു ബാബു എന്ന കുട്ടിയാണ് മരത്തിൽ നിന്ന് വീണത്. നട്ടെല്ലിന് പരുക്കേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.