കൊവിഡ് മൂന്നാം തരംഗം; കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചെയ്യേണ്ടത്…
ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. വരും ദിവസങ്ങളില്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രധാനമന്ത്രിയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ കുട്ടികൾ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നത് മൂന്നാം തരംഗത്തിന്റെ ഭീതി വർധിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. മൂന്നാംതരംഗം കുട്ടികളെ കൂടുതലായി ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നും എന്‍ഐഡിഎം ചൂണ്ടിക്കാട്ടുന്നു. ആശുപത്രികള്‍, ആംബുലന്‍സുകള്‍, ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഈ സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടത് പ്രധാനമാണ്. അതിനായി ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമങ്ങൾ, ശ്വസന വ്യായാമങ്ങൾ എന്നിവ ശീലമാക്കുക. മൂന്നാം കൊവിഡ് തരംഗത്തിലും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് പകർച്ചവ്യാധിയെ തടയാനാണ് നാം ശ്രമിക്കേണ്ടതെന്നും ദില്ലിയിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പീഡിയാട്രിക് കാർഡിയോളജിസ്റ്റായ ഡോ. നീരജ് അവസ്തി പറഞ്ഞു.
ഭൂരിഭാഗം ജനങ്ങളിലും ആന്റിബോഡി അളവ് വർദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത അല്ലെങ്കിൽ കുറഞ്ഞ പ്രതിരോധശേഷി ഉള്ളവരിലാണ് വെെറസ് പിടിപെടാനുള്ള സാധ്യത കൂടുതലെന്നും ഡോ. നീരജ് പറയുന്നു. കുട്ടികളിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതും പ്രധാനമാണ്. വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി 12 തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
കുട്ടികളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാം…
വൈറസിന്റെ രൂപം മാറിക്കൊണ്ടേയിരിക്കുന്നു. രോഗം പിടിപെടുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ രണ്ട് തരത്തിൽ ബാധിക്കുന്നു. ഒന്ന് പ്രതിരോധശേഷിയിൽ അതിന്റെ നേരിട്ടുള്ള പ്രഭാവം, മറ്റൊന്ന് ഹൈപ്പർഇമ്മ്യൂൺ പ്രതികരണമാണ്. ഹൈപ്പർഇമ്മ്യൂൺ പ്രതികരണമാണ് ശരീരത്തിന്റെ പ്രവർത്തനങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും ഡോ. നീരജ് പറഞ്ഞു.
വൈറസിനെതിരെ പോരാടുന്നതിന് ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും ആളുകൾ അതിനായി ജീവിതശൈലിയിൽ കാര്യമായ മാറ്റം വരുത്തേണ്ടത് പ്രധാനമാണെന്നും വിദഗ്ധർ പറയുന്നു.
മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റെെസ് ചെയ്യുക എന്നിവ പ്രതിരോധ കുത്തിവയ്പ്പിനു ശേഷവും തുടരുക. കൈകളുടെ ശുചിത്വം ഒരുപോലെ പ്രധാനമാണ്. അണുബാധകളെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് കുട്ടികൾക്ക് പറഞ്ഞ് കൊടുക്കണം…- “ഡോ. നീരജ് പറഞ്ഞു.
ശ്വാസകോശത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരകോശങ്ങൾക്ക് ഓക്സിജൻ നൽകുന്നതിനും അണുബാധകൾക്കെതിരെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശ്വസന വ്യായാമങ്ങൾ മികച്ചതാണ്.
കുട്ടികൾ അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കുക. വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രം കുട്ടികൾക്ക് നൽകുക. മാത്രമല്ല പോഷകഗുണമുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ദിവസവും കുറച്ച് നേരം ലഘു വ്യായാമങ്ങൾ കുട്ടികളിൽ ശീലമാക്കുക. അത് രോഗം പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നു.