കൊവിഡ് ചികിത്സയിൽ ആശങ്ക വേണ്ട; എട്ട് മടങ്ങ് രോഗികൾ വർധിച്ചാൽ വരെ ചികിത്സ നൽകാൻ സാധിക്കും
സംസ്ഥാനത്തെ കൊവിഡ് ചികിത്സയിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എട്ട് മടങ്ങ് രോഗികൾ വർധിച്ചാൽ വരെ ചികിത്സ നൽകാൻ കേരളത്തിന് സാധിക്കും. അതേസമയം ബ്രേക്ക് ദ ചെയിൻ പ്രവർത്തനവും ജാഗ്രതയും അതിപ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
ലോക്ക് ഡൗൺ പിൻവലിച്ച് ജീവൻ സംരക്ഷിക്കുന്നതിനൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ട സാഹചര്യം അനിവാര്യമായി. ഇളവുകൾ അതിന്റെ ഭാഗമായി നൽകി. ബ്രേക്ക് ദ ചെയിൻ പ്രവർത്തനവും ജാഗ്രതയും മുന്നോട്ടു കൊണ്ടുപോകണം. ജീവന്റെ വിലയുള്ള ജാഗ്രത, അതാണ് മുന്നോട്ടു വെക്കുന്ന സന്ദേശം
കൊവിഡ് നിരുപദ്രവകാരിയാണെന്നും രോഗം വന്നാൽ കുഴപ്പമില്ലെന്നും പ്രചാരണം നടക്കുന്നുണ്ട്. ഈ ധാരണ പ്രബലമായാൽ വലിയ അപകടമുണ്ടാകും. മരണനിരക്ക് ചെറുതാകാമെങ്കിലും രോഗികളുടെ എണ്ണം വർധിക്കുമ്പോൾ മരണവും ആനുപാതികമായി വർധിച്ചേക്കാം.
കൊവിഡ് രോഗികൾക്ക് ചികിത്സ തികച്ചും സൗജന്യമാണ്. പരിശോധന, ഭക്ഷണം, മരുന്ന്, കിടക്ക, വെന്റിലേറ്റർ, പ്ലാസ്മ തെറാപ്പി എല്ലാം സൗജന്യമാണ്. അംഗീകൃത സ്വകാര്യ ലാബിൽ സ്വമേധയാ വരുന്ന എല്ലാവർക്കും ടെസ്റ്റ് നടത്തും. സ്വകാര്യ ലാബുകളിലും ആശുപത്രികളിലും സർക്കാർ നിശ്ചയിച്ച ഫീസേ ഈടാക്കൂ. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ നിരക്കും മാർഗനിർദേശവും പുറത്തിറക്കി.
നിശ്ചയിച്ച നിരക്ക് മറ്റ് സംസ്ഥാനങ്ങളേക്കാൾ കുറവാണ്. ഐസിയു നിരക്ക് 6500 രൂപയാണ്. ആന്ധ്രയിൽ ഇത് 46325 രൂപയും തമിഴ്‌നാട്ടിൽ 11,000 രൂപയും ഡൽഹിയിൽ 15,000 രൂപയുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.