കര്‍ക്കിടക വാവുബലി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കര്‍ക്കിടക വാവുബലിയോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ ബലിതര്‍പ്പണ കേന്ദ്രങ്ങള്‍ പൂര്‍ണസജ്ജമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ. വലിയ തിരക്കുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് പരമാവധി പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ തഹസില്‍ദാര്‍മാര്‍, ദേവസ്വം, പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിനോടകം പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ബലിതര്‍പ്പണം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശംഖുമുഖം തീരത്തും നെയ്യാറ്റിന്‍കര താലൂക്കിന്റെ തീരദേശപ്രദേശങ്ങളിലെ ബലിതര്‍പ്പണ കേന്ദ്രങ്ങളായ പൂവാര്‍-പൊഴിക്കര കടല്‍ത്തീരം, മുല്ലൂര്‍ കടല്‍ത്തീരം, ആഴിമല ശിവക്ഷേത്രം-ചൊവ്വര കടല്‍ത്തീരം, മുല്ലൂര്‍ തോട്ടം ശ്രീ.നാഗര്‍ ഭഗവതി ക്ഷേത്രം-കരിക്കത്തി കടല്‍ത്തീരം എന്നിവിടങ്ങളിലും ഇത്തവണ ബലിതര്‍പ്പണമില്ല. പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ പൊലീസ്, റവന്യൂ, ഫയര്‍ഫോഴ്സ്, ആരോഗ്യ വകുപ്പുകളുടെ പ്രത്യേകം കണ്‍ട്രോള്‍ റൂമുകളുണ്ടാകും. അടിയന്തര സാഹചര്യമുണ്ടായാല്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരുകളും നിര്‍ദ്ദേശങ്ങളും അടങ്ങിയ നോട്ടീസ് ബോര്‍ഡ് ബലിതര്‍പ്പണ കേന്ദ്രത്തിലെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. ആഴം കൂടുതലുള്ള ഭാഗങ്ങളില്‍ മുന്നറിയിപ്പു ബോര്‍ഡുകളുമുണ്ട്. എല്ലാ പ്രധാന കേന്ദ്രങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് ബലിതര്‍പ്പണമെന്നും കളക്ടര്‍ പറഞ്ഞു.
ബലിതര്‍പ്പണത്തിനെത്തുന്ന സ്ത്രീകളുടെ സുരക്ഷാ ചുമതലക്കായി കൂടുതല്‍ വനിതാ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വാഹന പാര്‍ക്കിംഗിന് വേണ്ടി പ്രത്യേകം സ്ഥലം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈഫ് ഗാര്‍ഡുകളുടെയും സ്‌കൂബാ ഡൈവര്‍മാരുടെയും സേവനവുമുണ്ടാകും. എല്ലാ കേന്ദ്രങ്ങളിലും മതിയായ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ പന്തല്‍, പ്രകാശ സജ്ജീകരണങ്ങള്‍, കുടിവെള്ളവിതരണം, സിസിടിവി സുരക്ഷ എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും മെഡിക്കല്‍ സംഘവും ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളുമുണ്ടാകും. വാവുബലിയോട് അനുബന്ധിച്ച് ജൂലൈ 27ന് രാത്രി 12 മുതല്‍ ജൂലൈ 28 ഉച്ചക്ക് രണ്ട് മണി വരെ തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല മുനിസിപ്പാലിറ്റി, അരുവിക്കര- പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകളിലെയും പരിധിയില്‍ മദ്യനിരോധനനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു.