Saturday, April 12, 2025
Kerala

ഷാനിന്റെ ശരീരത്തില്‍ നാല്‍പതിലേറെ വെട്ടുകള്‍; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

ആലപ്പുഴയില്‍ കൊല ചെയ്യപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഷാനിന്റെ ശരീരത്തില്‍ നാല്‍പ്പതിലോറെ മുറിവുകള്‍ ഉണ്ടായിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് കാലത്താണ് ഷാനിന്റെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. കഴുത്തിലും, കാലിലും, ശരീരത്തിന്റെ പിന്‍ഭാഗത്തുമായി നിരവധി മുറിവുകളാണ് ഉണ്ടായിരുന്നത്. ആക്രമണം നടന്ന ഉടനെ ഷാനെ കൊച്ചിയലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. തുടര്‍ന്നാണ് ആലപ്പുഴയില്‍ നിന്നുള്ള പൊലീസ് ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൂന്ന് മണിക്കൂറോളം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നീണ്ടു.

മെഡിക്കല്‍ കോളജിന് പുറത്ത് നൂറു കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലാണ് ആദ്യം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കളമശ്ശേരിയിലേക്ക് മാറ്റിയത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായതോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോയി. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് തന്നെ നടക്കുമെന്നാണ് വിവരം. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ഉദ്യേഗസ്ഥര്‍ ക്യാംമ്പ് ചെയ്യുന്നുണ്ട്.

ഇന്നലെ രാത്രിയാണ് ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ ഷാനെ വെട്ടി കൊന്നത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം അഞ്ചു പേരടങ്ങിയ സംഘം ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് മണിക്കീറുകള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ ഒ.ബി.സി മോര്‍ച്ച നേതാവ് രജ്ഞിത്ത് ശ്രീനിവാനനെ ഒരു സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ 50 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊലപാതകത്തില്‍ ഗൂഡാലോചനയില്‍ പങ്കെടുത്ത രണ്ട് പേരെ നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെണ്‍മണി സ്വദേശി കൊച്ചുകുട്ടന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അക്രമിസംഘത്തിന് റെന്റ് എ കാര്‍ വാഹനം ക്രമീകരിച്ചു നല്‍കിയത് പ്രസാദാണെന്നും വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നുമാണ് പൊലീസ് പറയുന്നത്. കേസില്‍ പ്രത്യേക സംഘം അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്. ഇരു കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *