Thursday, January 23, 2025
Kerala

ശംഖുമുഖത്ത് ബലിതര്‍പ്പണം നിരോധിച്ചു

ശംഖുമുഖം കടപ്പുറത്ത് കര്‍ക്കിടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണവും അനുബന്ധപ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ ഉത്തരവിറക്കി. അതിശക്തമായ കടല്‍ക്ഷോഭവും അപകട സാധ്യതയും നിലനില്‍ക്കുന്നതിനാലാണ് ഇത്തവണ ബലിതര്‍പ്പണം നിരോധിച്ചത്. ബലിതര്‍പ്പണത്തിനായി ജനങ്ങള്‍ ശംഖുമുഖം കടല്‍തീരത്ത് ഒത്തുകൂടുകയോ പ്രവേശിക്കുകയോ ചെയ്യുന്നില്ലെന്ന് പൊലീസ് ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

മറ്റ് കടല്‍ത്തീരങ്ങളെ അപേക്ഷിച്ച് അപകടസാധ്യത കൂടിയ മേഖലയായതിനാല്‍ സ്‌കൂബാ ടീമിനെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുന്നതിനും റബര്‍ ഡിങ്കി നങ്കൂരമിടുന്നതിനും സാങ്കേതിക തടസങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

2019, 2021 വര്‍ഷങ്ങളിലെ ശക്തമായ കടല്‍ക്ഷോഭത്തില്‍ ശംഖുമുഖത്തെ കടല്‍ഭിത്തിയും നടപ്പാതയും നിശേഷം തകര്‍ന്നിരുന്നു. അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് ആളുകള്‍ ബീച്ചിലിറങ്ങാതിരിക്കാന്‍ ബാരിക്കേഡുകള്‍ വച്ച് തീരം അടച്ചിട്ടിരിക്കുകയാണ്. നിലവില്‍ ഡയഫ്രം വാള്‍ വരെ കടല്‍ കയറുകയും ആഴത്തില്‍ കുഴി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *