ഇന്ന് 483 സമ്പർക്ക രോഗികൾ, 35 പേരുടെ ഉറവിടം വ്യക്തമല്ല; ക്ലസ്റ്ററുകളിൽ രോഗവ്യാപനം തുടരുന്നു
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 702 കേസുകളിൽ 483 കേസുകളും സമ്പർക്ക രോഗികൾ. അതേസമയം ഇന്ന് 745 പേർ രോഗമുക്തി നേടിയെന്നത് ആശ്വാസകരമാണ്. പ്രതിദിന വർധനവിനേക്കാൾ കൂടുതൽ പേർ രോഗമുക്തി നേടുന്നത് ഏറെക്കാലത്തിന് ശേഷമാണ്.
ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 483 പേരിൽ 35 പേരുടെ ഉറവിടം വ്യക്തമല്ല. 43 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള പല ക്ലസ്റ്ററുകളിലും രോഗവ്യാപനം ശക്തമായി തുടരുകയാണെന്നും ഇത് ഗുരുതരമായ സ്ഥിതി വിശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു
നിയന്ത്രണം കൂടുതൽ ശക്തമാക്കണമെന്നാണ് അഭിപ്രായം. നിയന്ത്രണ ലംഘനമുണ്ടായാൽ പോലീസ് ഇടപെടൽ ശക്തമാക്കും. സമൂഹത്തിൽ മാതൃക കാണിക്കേണ്ടവർ രോഗവ്യാപനത്തിന് കാരണമാകുന്നത് ശരിയായ നടപടിയല്ല. കർശന നടപടിയുണ്ടാകും. ഇനിയും രോഗബാധ വർധിക്കും. അതിനെ നേരിടാനുള്ള നടപടികളാണ് ചർച്ച ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു