തിരുവനന്തപുരത്ത് ഇന്ന് സമ്പർക്കത്തിലൂടെ 152 പേർക്ക് രോഗബാധ; ഇന്ന് മുതൽ തീരപ്രദേശത്ത് ലോക്ക് ഡൗൺ
തലസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്നും വൻ വർധനവ്. 173 പേർക്കാണ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 152 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ നാല് പേരുടെ ഉറവിടം വ്യക്തമല്ല
സമൂഹവ്യാപനം നടന്ന പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ പോലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പുകൾ 24 മണിക്കൂറും നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. സമ്പർക്കത്തിലൂടെ കൂടുതൽ രോഗികളുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കുന്നു. പ്രദേശവാസികൾക്ക് കൂടുതൽ ബോധവത്കരണം നടത്താൻ ആരോഗ്യ പ്രവർത്തകരും സജ്ജരാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു
നഗരസഭയുടെ നേതൃത്വത്തിലും കാര്യക്ഷമമായ ഇടപെടൽ നടക്കുന്നുണ്ട്. തിരുവനന്തപുരം സ്റ്റാച്യൂ, അട്ടക്കുളങ്ങര, പേരൂർക്കട തുടങ്ങിയ സ്ഥലങ്ങളിൽ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായവരും ഉറവിടം വ്യക്തമല്ലാത്ത കേസുകളുമുണ്ട്. ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് തിരുവനന്തപുരത്തെ തീരപ്രദേശം അടച്ചിട്ട് ലോക്ക് ഡൗൺ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു