വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന് കേരള സർവ്വകലാശാലയിൽ ആജീവനാന്ത വിലക്ക്
ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി നിഖിൽ തോമസിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി കേരള സർവ്വകലാശാല സിൻഡിക്കേറ്റ്. കായംകുളം എംഎസ്എം കോളേജ് അധികാരികളെ വിളിച്ചു വരുത്തും. രജിസ്ട്രാറൂം പരീക്ഷ കൺട്രോളരും അടങ്ങുന്ന സമിതി ഹിയറിങ് നടത്തും. സർട്ടിഫിക്കറ്റ് പരിശോധനക്ക് പ്രത്യേക സെൽ രൂപീകരിക്കും. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സർട്ടിഫിക്കറ്റുകൾ പരിശോധിക്കും.
കായംകുളത്തെ വ്യാജസർട്ടിഫിക്കറ്റ് കേസിൽ നിഖിൽ തോമസ്, അബിൻ സി രാജുമായി തെളിവെടുപ്പിനെത്തി പൊലീസ്. സർട്ടിഫിക്കറ്റ് നിർമ്മിച്ച എറണാകുളത്തെ ഓറിയോൺ ഏജൻസിയിലാണ് പൊലീസ് ഇരുവരെയും തെളിവെടുപ്പിന് എത്തിച്ചത്. ഓറിയോൺ എന്ന സ്ഥാപനത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നാണ് ഇവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഇപ്പോൾ ഓറിയോൺ എന്ന സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നില്ല. മുമ്പ് കലൂരിലും പാലാരിവട്ടത്തും ഓറിയോൺ എന്ന പേരിൽ സ്ഥാപനം പ്രവർത്തിച്ചിരുന്നു. കായംകുളം പൊലീസിനൊപ്പം പാലാരിവട്ടം പൊലീസും സ്ഥലത്തെത്തിയിരുന്നു.