വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ്; പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങളുടെ കഞ്ചാവ്
കോഴിക്കോട്: ലോകലഹരിവിരുദ്ധ ദിനത്തിൽ ആർപിഎഫും എക്സൈസും വടകര റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ നാല് കിലോയിലധികം കഞ്ചാവ് പിടികൂടി. വടകര രണ്ടാം നമ്പർ റെയ്ൽവെ പ്ലാറ്റ്ഫോമിന്റെ തെക്കേ അറ്റത്തു ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലാണ് കഞ്ചാവ് കണ്ടെത്തിയത്.
പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അന്തരാഷ്ട്രാ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി രാവിലെ മുതൽ വടകര റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും ആർപിഎഫും എക്സൈസും പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് രണ്ടാം പ്ലാറ്റ്ഫോമിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ബാഗിനുള്ളിൽ തുണികൾക്കിടയിൽ ഒളിപ്പിച്ചനിലയിൽ ആയിരുന്നു കഞ്ചാവ്. പരിശോധന ഭയന്ന് പ്രതി ബാഗ് ഉപേക്ഷിച്ചു കടന്നു കളഞ്ഞതാകാമെന്നാണ് സംശം. എന്നിവരുടെ നേതൃത്വത്തിൽ ആർപിഎഫ് സിഐ എൻ കേശവദാസ്, എക്സൈസ് ഇൻസ്പെക്ടർ വേണു.
പി പി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആർപിഎഫ് എസ്ഐമാരായ ദീപക് എ പി, അജിത്ത് അശോക് എപി, എഎസ്ഐമാരായ സജു കെ, ബിനീഷ് പിപി, ഹെഡ് കോൺസ്റ്റബിൾമാരായ കെ തമ്പി, മകേഷ് വിപി, അജീഷ്.ഒ.കെ, എൻ അശോക്, കോൺസ്റ്റബിൾ പിപി അബ്ദുൾ സത്താർ എക്സൈസ് പ്രിവന്റീവ് ഓഫീസർ സുനിൽ കെ, സിപിഒമാരായ അനീഷ്.പി.കെ, രാഹുൽ ആക്കിരി, മുസ്ബിൻ.ഇ.എം എന്നിവരടങ്ങിയ പ്രത്യേകസംഘമാണ് പങ്കെടുത്തത്.
അതേസമയം, കൊച്ചിയിൽ രാസലഹരിയുമായി 18കാരിയായ യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. നെടുവന്നൂർ പെരുമ്പാട്ട് വീട്ടിൽ മുഹമ്മദ് ഷിഹാബുദ്ദീൻ (28), കോട്ടായി അൻഡേത്ത് വീട്ടിൽ അഖിൽ (24), എൻ.എ.ഡി നൊച്ചിമ ചേനക്കര വീട്ടിൽ ഫൈസൽ (35), ചൊവ്വര പട്ടൂർകുന്ന്, തച്ചപ്പിള്ളി വീട്ടിൽ അനഘ (18) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. ശ്രീമൂലനഗരം കല്ലുംകൂട്ടം ഭാഗത്ത് സംശായാസ്പദമായ രീതിയിൽ രണ്ട് കാറുകൾ നിർത്തിയിട്ടിരിക്കുന്നത് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.