കായംകുളം റെയിൽവേ സ്റ്റേഷനിൽ ആര്‍പിഎഫിന്റെയും എക്സൈസിന്റെയും പരിശോധന; ആറ് കിലോ കഞ്ചാവ് പിടിച്ചു
ആലപ്പുഴ: കായംകുളം എക്സൈസ് റേഞ്ച് പാർട്ടിയും കായംകുളം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി കായംകുളം റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ചെന്നൈ മെയിൽ ട്രെയിനിൽ നിന്നും ആറ് കിലോ കഞ്ചാവ് കണ്ടെടുത്തു. പ്രതികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു.
എക്സൈസ് ഇൻസ്പെക്ടർ സി ബി വിജയന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്റണി, പ്രിവന്റീവ് ഓഫീസർ ആന്റണി കെ ഐ, സിവിൽ എക്സൈസ് ഓഫീസർമാരായ ആര്‍ അശോകൻ, പ്രവീൺ എം, എക്സൈസ് ഡ്രൈവർ ഭാഗ്യനാഥ് പി, ആര്‍പിഎഫ് ഇൻസ്പെക്ടർ എ കെ പ്രിൻസ്, എ എസ് ഐ രജിത്ത് കുമാർ എന്നിവരും ഉണ്ടായിരുന്നു. എക്സൈസ് ഇന്റലിജൻസ് വിഭാഗവും ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്കോഡും ചേർന്ന് കഴിഞ്ഞ ദിവസം 6 കിലോ കഞ്ചാവ് മാരാരിക്കുളം, കണിച്ചുകുളങ്ങര സ്വദേശികളില്‍ നിന്നും പിടിച്ചെടുത്തിരുന്നു.
അതേസമയം, ട്രെയിൻ മാർഗം വിൽപ്പനയ്ക്കായി എത്തിച്ച എട്ട് കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. പാലക്കാട് ആലത്തൂർ സ്വദേശി വിഘ്‌നേഷ്, അണ്ടൂർക്കോണം സ്വദേശി നിഹാസ് എന്നിവരാണ് ഡാൻസാഫ് ടീമിന്റെ പിടിയിലായത്. ട്രെയിൻ മാർഗ്ഗം വർക്കലയിൽ എത്തിച്ച കഞ്ചാവ് ആണ് ഡാൻസഫ് ടീം നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇവർ ആന്ധ്രാപ്രദേശിൽ നിന്നും കഞ്ചാവുമായി ട്രെയിൻ മാർഗം ചെന്നൈയിൽ എത്തുകയും അവിടെ നിന്നും ചെന്നൈ മെയിലിൽ വർക്കല റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു.
യക്കുമരുന്ന് ശൃംഗലയുമായി അടുത്ത ബന്ധം പുലർത്തുന്ന ഈ യുവാക്കൾ മാസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്നു എന്ന് ഡാൻസാഫ് സംഘം അറിയിച്ചു. ഇവരിൽ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം അഞ്ച് ലക്ഷം രൂപയോളം വിപണി വിലയുണ്ടെന്നാണ് ഡാൻസഫ് ടീമിന്റെ വിലയിരുത്തൽ.