പാലക്കാട് ജില്ലയിലെ സിപിഎം വിഭാഗീയത; നടപടി തുടരുന്നു, കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്ന് 4 പേരെ ഒഴിവാക്കി
പാലക്കാട്: പാലക്കാട് ജില്ലയിലെ പാർട്ടിയിലെ വിഭാഗീയതയിൽ സിപിഎം നടപടി തുടരുന്നു. കൊല്ലങ്കോട് ഏരിയ കമ്മിറ്റിയിൽ നിന്ന് 4 പേരെ ഒഴിവാക്കിയപ്പോൾ 5 പേരെ തിരിച്ചെടുത്തു. മുൻ ഏരിയ സെക്രട്ടറി യു അസീസ് ഉൾപ്പടെയുള്ളവരെയാണ് തിരിച്ചെടുത്തത്. അന്വഷണ കമ്മീഷൻ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് സിപിഎം നടപടി.
അതേസമയം, സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ സാന്നിധ്യത്തിലാണ് യോഗം. കഴിഞ്ഞ സമ്മേളന കാലത്ത് പാലക്കാട് സിപിഎമ്മിൽ ഉടലെടുത്ത വിഭാഗീയത അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള തുടർ അച്ചടക്ക നടപടികൾ റിപ്പോർട്ട് ചെയ്യും. ഉച്ചക്കുശേഷമുള്ള ജില്ലാ കമ്മറ്റി യോഗത്തിലും നടപടികൾ വിശദീകരിക്കും.
ജില്ലയിലെ വിഭാഗീയതക്ക് നേതൃത്വം നൽകിയത് സെക്രട്ടറിയറ്റ് അംഗങ്ങളായ പി.കെ ശശി, വി.കെ. ചന്ദ്രൻ ജില്ലാ കമ്മറ്റി അംഗം ചാമുണ്ണി എന്നിവരാന്നെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 3 പേർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കാരണം കാണിക്കൽ നോട്ടീസിന് ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ 3 പേർക്കെതിരെയും പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കും. സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.കെ ശശി, വി.കെ.ചന്ദ്രൻ എന്നിവരെ ജില്ലാ കമ്മറ്റിയിലേക്കും ജില്ലാ കമ്മറ്റി അംഗം കെ. ചാമുണ്ണിയെ ഏരിയ കമ്മറ്റിയിലേക്കും തരം താഴ്ത്തുമെന്നാണ് സൂചന.
നേരത്തെ, സിപിഎം ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റിയിൽ നിന്ന് ഒമ്പത് പേരെ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ സമ്മേളനത്തിൽ മത്സരിച്ചെത്തിയ 13 ൽ 9 പേരെയാണ് ഒഴിവാക്കിയത്. മുൻ ഏരിയ സെക്രട്ടറി കെ ബി സുഭാഷ് ഉൾപ്പെടെ 9 പേരെ പകരം തിരിച്ചെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ എൻ കൃഷ്ണദാസ്, കെ എസ് സലീഖ, സി കെ രാജേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഏരിയാ കമ്മിറ്റി യോഗം ചേർന്നത്. പുറത്താക്കപ്പെട്ടവർ ഏരിയ കമ്മിറ്റിയിൽ പ്രതിഷേധമറിയിച്ചിരുന്നു. പി കെ ശശിക്കൊപ്പം നിന്നതാണോ തങ്ങളുടെ അയോഗ്യതയെന്ന് പുറത്താക്കപ്പെട്ടവർ ചോദിച്ചു. വിഭാഗീയതയ്ക്ക് കൂട്ടുനിന്നവരെ ഒഴിവാക്കി തങ്ങളെ കുടുക്കി എന്നും ആക്ഷേപം ഉയരുന്നുണ്ട്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.