ജോലിയിൽ വീഴ്ച, പൊതുമരാമത്ത് വകുപ്പില്‍ 2 ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ; നടപടി മന്ത്രി റിയാസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്
പൊതുമരാമത്ത് വകുപ്പില്‍ ഉന്നതര്‍ക്കെതിരെ നടപടി. ചീഫ് ആര്‍ക്കിടെക്ടിനും ഡെപ്യൂട്ടി ചീഫ് ആര്‍ക്കിടെക്ടിനും സസ്പെന്‍ഷന്‍. ഓഫീസ് നടത്തിപ്പിലെ ഗുരുതര വീഴ്ചയെ തുടര്‍ന്നാണ് നടപടി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.
23-03-23 ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ആര്‍ക്കിടെക്ട് വിംഗില്‍ പരിശോധന നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ആര്‍ക്കിടെക്ട് വിംഗിലെ പ്രവര്‍ത്തനം പരിശോധിക്കുവാന്‍ വകുപ്പ് സെക്രട്ടറിയേയും പൊതുമരാമത്ത് വിജിലന്‍സിനേയും ചുമതലപ്പെടുത്തി.
ഓഫീസ് പ്രവര്‍ത്തനത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. പ്രധാനപ്പെട്ട രജിസ്റ്ററുകള്‍ മെയിന്റെയിന്‍ ചെയ്യുന്നതില്‍ വീഴ്ച ഉണ്ടായി.ഓഫീസില്‍ രേഖകള്‍ സൂക്ഷിക്കുന്നതില്‍ ഉള്‍പ്പെടെ ഗുരുതരമായ വീഴ്ച കണ്ടെത്തി. പലരും കൃത്യസമയത്ത് ഹാജരാകുന്നില്ലെന്ന് കണ്ടെത്തി.
ഈ സാഹചര്യത്തിലാണ് കര്‍ശന നടപടിക്ക് തീരുമാനിച്ചത്. ഇതേ തുടര്‍ന്നാണ് വകുപ്പിന്‍റെ തലപ്പത്ത് ഉള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. മന്ത്രിയുടെ സന്ദര്‍ശന ദിവസം 41 ജീവനക്കാരില്‍ 14 പേര്‍ മാത്രമാണ് കൃത്യസമയത്ത് ഹാജരായത്. കൃത്യമായി ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത. വിശദമായ അന്വേഷണം നടത്തുവാന്‍ മന്ത്രി നിര്‍ദ്ദേശം നൽകി.