Thursday, January 23, 2025
Kerala

വോട്ടെടുപ്പ് സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ടെലിവിഷനിലും സമാന മാധ്യമങ്ങളിലും തിരഞ്ഞെടുപ്പ് വിഷയം പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ നിയോജകമണ്ഡലത്തിലേയും വോട്ടെടുപ്പ് സമാപിക്കുന്നതിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഏതെങ്കിലും തെരഞ്ഞെടുപ്പ് വിഷയം ടെലിവിഷന്‍ അല്ലെങ്കില്‍ സമാന മാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. 1951 ലെ ജനപ്രാതിനിധ്യ നിയമം 126ാം സെക്ഷന്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മാധ്യമങ്ങള്‍ പാലിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

സെക്ഷന്‍ 126 പ്രകാരം വീഡിയോ, ടെലിവിഷന്‍ അല്ലെങ്കില്‍ മറ്റ് സമാന ഉപകരണങ്ങള്‍ ഉപയോഗിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതോ തിരഞ്ഞെടുപ്പ് ഫലത്തിനെ സ്വാധീനിക്കാന്‍ കഴിയുന്നതോ ആയ കാര്യങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കാന്‍ പാടില്ല. നിയമ ലംഘനം ഉണ്ടായാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. സെക്ഷന്‍ 126 ല്‍ പരാമര്‍ശിച്ചിരിക്കുന്ന 48 മണിക്കൂര്‍ കാലയളവില്‍ ടിവി, റേഡിയോ, ചാനല്‍, കേബിള്‍ നെറ്റ്വര്‍ക്കുകള്‍, ഇന്റര്‍നെറ്റ്, വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അവര്‍ സംപ്രേഷണം ചെയ്യുന്ന അല്ലെങ്കില്‍ പ്രക്ഷേപണം ചെയ്യുന്നതോ പ്രദര്‍ശിപ്പിക്കുന്നതോ ആയ പ്രോഗ്രാമുകളുടെ ഉള്ളടക്കങ്ങള്‍ ഏതെങ്കിലും പ്രത്യേക കക്ഷിയുടെയോ സ്ഥാനാര്‍ത്ഥിയുടെയോ പ്രതീക്ഷകളെ പ്രോത്സാഹിപ്പിക്കുന്നതോ മുന്‍വിധിയോടെയുള്ളതോ അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയി കണക്കാക്കാവുന്ന പാനലിസ്റ്റുകള്‍, വ്യക്തിഗത കാഴ്ചകള്‍, അപ്പീലുകള്‍ ഉള്‍പ്പെടെ ഏതെങ്കിലും വസ്തുക്കള്‍ ഉണ്ടാകാന്‍ പാടില്ല.

അഭിപ്രായ സര്‍വേകള്‍, സംവാദങ്ങള്‍, വിശകലനം, വിഷ്വലുകള്‍, ശബ്ദ ബൈറ്റുകള്‍ എന്നിവയുടെ പ്രദര്‍ശനം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 48 മണിക്കൂറിനു മുന്‍പ് (126ാം വകുപ്പില്‍ ഉള്‍പ്പെടാത്ത കാലയളവില്‍) ബന്ധപ്പെട്ട ടിവി, റേഡിയോ, കേബിള്‍, എഫ്എം ചാനലുകള്‍, ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്ക്ക് എക്‌സിറ്റ് പോള്‍ ഒഴികെയുള്ള പ്രക്ഷേപണ, ടെലികാസ്റ്റ് അനുബന്ധ പരിപാടികള്‍ നടത്തുന്നതിന് ആവശ്യമായ അനുമതിക്കായി സംസ്ഥാന, ജില്ലാ പ്രാദേശിക അധികാരികളെ സമീപിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. മാന്യമായ പെരുമാറ്റച്ചട്ടം, കേബിള്‍ നെറ്റ്വര്‍ക്ക് (റെഗുലേഷന്‍) നിയമപ്രകാരം വിവര, പ്രക്ഷേപണ മന്ത്രാലയം നിര്‍ദ്ദേശിച്ച പ്രോഗ്രാം കോഡ്, പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ക്കും അനുസൃതമായിരിക്കണം ഉള്ളടക്കം.

Leave a Reply

Your email address will not be published. Required fields are marked *