മുള്ളന്‍പന്നിയെ വേട്ടയാടി കടത്താന്‍ ശ്രമം: പ്രതി പിടിയില്‍
ഇടുക്കി കുമളിയില്‍ മുള്ളന്‍പന്നിയെ നാടന്‍ തോക്ക് ഉപയോഗിച്ച് വേട്ടയാടി വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. വണ്ടിപ്പെരിയാര്‍ വാളാര്‍ഡി തെങ്ങനാകുന്നില്‍ സോയി മാത്യുയാണ് വനം വകുപ്പിന്റെ പിടിയിലായത്.
വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വാളാര്‍ഡി, മേപ്പറട്ട് ഭാഗത്ത് വന്യമൃഗങ്ങളെ വേട്ടയാടുന്നതായി വനം വകുപ്പിന് പരാതി ലഭിച്ചിരുന്നു. ഇതോടെ മേഖലയില്‍ വനപാലകര്‍ നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞദിവസം വാളാര്‍ഡി ഓടമേട് ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെ ഈ മേഖലയില്‍ നിന്ന് വെടിയൊച്ച കേട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് മുള്ളന്‍ പന്നിയും നാടന്‍ തോക്കുമായി മാത്യു വനപാലകരുടെ പിടിയിലാകുന്നത്. ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തന്ത്രപരമായാണ് വനംവകുപ്പ് ജീവനക്കാര്‍ പിടികൂടിയത്. ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മുള്ളന്‍ പന്നിയുടെ ജഡവും, നാടന്‍ തോക്കും, തിരയും മറ്റ് വേട്ടയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി.
മാത്യുവിനൊപ്പം കൂടുതലാളുകള്‍ വേട്ടക്ക് ഉണ്ടായിരുന്നോ എന്നത് വനം വകുപ്പ് അന്വേഷിക്കുകയാണ്. വനം വകുപ്പ് ചെല്ലാര്‍ കോവില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി. കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.