Wednesday, January 8, 2025
National

മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയെ കോടതിയിൽ ഹാജരാക്കും, വ്യാപക പ്രതിഷേധത്തിന് ആം ആദ്മി

ഡൽഹി മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷമാകും കോടതിയിൽ ഹാജരാക്കുക. ചോദ്യം ചെയ്യലിനായി സിസോദിയയെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടേക്കും. സിബിഐ രജിസ്റ്റർ ചെയ്ത മദ്യനയ കേസിൽ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ.

അതേസമയം അറസ്റ്റിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് ആംആദ്മി പാർട്ടിയുടെ തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ആപ് നേതാക്കൾ അറിയിച്ചു. ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് അറസ്റ്റിന് പിന്നാലെ എഎപി ട്വീറ്റ് ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് വ്യാജ കേസിൽ സിബിഐ അറസ്റ് ചെയ്തതെന്നും ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് പിന്നിലെന്നും ആംആദ്മി ട്വീറ്ററിലൂടെ പ്രതികരിച്ചു.

മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കിയാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സിസോദിയയാണ് ഒന്നാം പ്രതി. ഡൽഹി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണ, മുതി‍ർന്ന രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ സിസോദിയയുമായി ചേർന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികൾക്ക് അനധികൃതമായി ടെണ്ടർ ഒപ്പിച്ച് നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *