Tuesday, January 7, 2025
Kerala

വീടിന്റെ പൂട്ടുതകർത്ത് അകത്തുകയറി, ഒന്നരലക്ഷം വിലവരുന്ന മാലയും 20,000 രൂപയും കവർന്ന ശേഷം പുറത്തിരുന്ന ബൈക്കുമായി മുങ്ങി

വീട് കുത്തിത്തുറന്ന് ബൈക്കും ഒന്നരലക്ഷം രൂപ വിലവരുന്ന മാലയും 20,000 രൂപയും കവർന്നു. പാറശാലയിലാണ് മോഷണം നടന്നത്. ഇടിച്ചക്കപ്ലാമൂട് പ്രാക്കത്തേരി ഹിറാ കോട്ടജിൽ ഷാഹുൽ ഹമീദിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപ വിലയുള്ള പ്ലാറ്റിനം മാലയും 20,000 രൂപയും പുറത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കുമാണ് മോഷ്ടിച്ചത്.

മുന്നിലുള്ള വാതിലിന്റെ പൂട്ടുതകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന പ്ലാറ്റിനം മാലയും പണവും സ്വർണ നാണയവുമെടുത്ത ശേഷം പുറത്ത് സൂക്ഷിച്ചിരുന്ന ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. രണ്ടുദിവസം മുമ്പ് വീട്ടുടമ ഷാഹുൽ ഹമീദിന്റെ മാതാവ് മരണപ്പെട്ടിരുന്നു. തുടർന്ന് ഷാഹുൽഹമീദും കുടുംബവും കളിയിക്കാവിളയിലെ കുടുംബ വീട്ടിലായിരുന്നപ്പോഴാണ് കള്ളന്മാർ മോഷണം നടത്തിയത്.

മരണാന്തര ചടങ്ങുകൾക്ക് ശേഷം ഇന്നലെ രാവിലെ ഷാഹുൽഹമീദും കുടുംബവും വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പാറശാല പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അന്വേഷണം പു​രോ​ഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *