ബിജു കുര്യന്‍ കേരളത്തിലെത്തി; പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികരണം
ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇസ്രായേലിലേക്ക് അയച്ച സംഘത്തില്‍നിന്ന് വേര്‍പെട്ട് യാത്രചെയ്ത ബിജു കുര്യന്‍ നാട്ടിലെത്തി. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക ആയിരുന്നു ലക്ഷ്യമെന്ന് ബിജു കുര്യന്‍ പ്രതികരിച്ചു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരോട് പറഞ്ഞാല്‍ അനുവാദം കിട്ടില്ലെന്ന് കരുതി. മുങ്ങി എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിഷമം തോന്നി. അതാണ് സംഘത്തോടൊപ്പം തിരികെയെത്താന്‍ സാധിക്കാഞ്ഞത്. സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നു. സ്വമേധയാ തന്നെയാണ് തിരികെ മടങ്ങി എത്തിയിരിക്കുന്നത്. ഒരു ഏജന്‍സിയും അന്വേഷിച്ചു വന്നില്ല. സഹോദരന്‍ ടിക്കറ്റ് എടുത്ത് അയച്ചു തന്നു. ആരെയും അറിയിക്കാന്‍ സാധിച്ചില്ലെന്നും ബിജു കുര്യന്‍ പറഞ്ഞു.
പുലര്‍ച്ചെയാണ് ബിജു കുര്യന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വളരെ വേഗം മടങ്ങിയെത്താമെന്നാണ് കരുതിയത്. പുണ്യസ്ഥലങ്ങളില്‍ മലയാളികള്‍ ഉണ്ടായിരുന്നു. ഫെയ്‌സ്ബുക്കിലൂടെയും, മാധ്യമങ്ങളിലൂടേയും തെറ്റായ പ്രചാരണം നടന്ന വിഷമത്തിലാണ് റിജോയിന്‍ ചെയ്യാന്‍ സാധിക്കാതെ വന്നത്. പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ആ സംഘത്തോടൊപ്പം തിരിച്ചുവരാനായിരുന്നു പദ്ധതി. കേരളത്തില്‍ നടപ്പാക്കാന്‍ പറ്റുന്ന ഒരുപാട് കൃഷിരീതികള്‍ ഇസ്രായേലില്‍ നിന്ന് പഠിച്ചുവെന്നും ബിജു കൂട്ടിച്ചേര്‍ത്തു.
ബിജു തിരിച്ചുവന്നാലും പ്രതികാര നടപടിയെന്ന നിലയിലൊന്നും കൈകാര്യം ചെയ്യില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇസ്രായേലിലേക്ക് പോയ സംഘത്തിലെ കര്‍ഷകരെ മാതൃകാ കര്‍ഷകരായി(മാസ്റ്റര്‍ ഫാര്‍മേഴ്‌സ്) ആയി പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. അവരുമായി ഒരു കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇസ്രായേലിലെ കൃഷിരീതിയില്‍ കണ്ട യന്ത്രമാതൃകയടക്കം കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുകയാണ്. ബിജു കുര്യനും തിരികെ വന്ന് അവിടെ പഠിച്ച കാര്യങ്ങളൊക്കെ പ്രാവര്‍ത്തികമാക്കട്ടെ. നല്ല കര്‍ഷകനായി അദ്ദേഹം വീണ്ടും കേരളത്തിലുണ്ടാകട്ടെയെന്നും അതിന് എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.