ബിജു പ്രഭാകറിനെ മാറ്റണം; സ്വകാര്യവത്ക്കരണത്തെ പിന്തുണയ്ക്കുന്ന ആളെന്ന് കാനം രാജേന്ദ്രന്‍
ഗതാഗത സെക്രട്ടറി ബിജു പ്രഭാകറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജു പ്രഭാകര്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുമേഖലാ സ്വകാര്യവല്‍ക്കരണത്തിനെ പിന്തുണക്കുന്നയാളാണ്. അങ്ങനെയുള്ള ഒരാളെ ഗതാഗത സെക്രട്ടറി, കെഎസ്ആര്‍ടിസി സിഎംഡി എന്നീ സ്ഥാനത്തുനിന്ന് നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
സ്വകാര്യവല്‍ക്കരണം എല്‍ഡിഎഫ് നയമല്ല. പൊതുവേദിയില്‍ ബിജു പ്രഭാകര്‍ ഇക്കാര്യം പറഞ്ഞത് അച്ചടക്ക ലംഘനമെന്നും കാനം രാജേന്ദ്രന്റെ ആരോപിച്ചു. കെ എസ് ടി എ സംഘ് സംസ്ഥാന സമ്മേളന വേദിയിലെ ബിജു പ്രഭാകറിന്റെ പ്രസംഗമാണ് വിവാദമായത്.
പൊതുഗതാഗത്തിന് പിന്തുണയില്ലെന്നായിരുന്നു ബിജു പ്രഭാകറിന്റെ വിമര്‍ശനം. എല്ലാവര്‍ക്കും മെട്രോ മതി. മെട്രോയ്ക്ക് വേണ്ടി കോടികള്‍ ചിലവഴിച്ചെന്നും ബിജു പ്രഭാകര്‍ വിമര്‍ശിച്ചു.
‘പൊതുഗതാഗതം ശക്തിപ്പെടണമെങ്കില്‍ അതിന് മാതൃക കാണിച്ചുകൊടുക്കണം. ജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കണം. മിന്നല്‍പ്പണിമുടക്ക് നടത്താന്‍ പാടില്ല. ശത്രുക്കളെ സൃഷ്ടിക്കണമെങ്കില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്താല്‍ മതി. അതാണിന്ന് കെഎസ്ആര്‍ടിസിയില്‍ സംഭവിക്കുന്നത്. ഈ സ്ഥാപനം നിലനില്‍ക്കണമെന്നാണ് എന്നും ഞാന്‍ ആഗ്രഹിക്കുന്നത്. ബിജു പ്രഭാകര്‍ കൂട്ടിച്ചേര്‍ത്തു.