കോഴിക്കോട് നിന്ന് കാണാതായ പെൺകുട്ടികൾ ബംഗളൂരുവിൽ; ഒരാളെ പിടികൂടി, അഞ്ച് പേർ രക്ഷപ്പെട്ടു
കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി. ബംഗളൂരു മഡിവാളയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അഞ്ച് പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടു. ബംഗളൂരു പോലീസും പ്രദേശവാസികളും ചേർന്നാണ് ഒരു കുട്ടിയെ പിടികൂടി തടഞ്ഞുവെച്ചത്.
കുട്ടികൾ ബംഗളൂരുവിൽ എത്തിയ വിവരം പോലീസിന് ലഭിച്ചിരുന്നു. മഡിവാളയിലെ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു ഇവർ. പെൺകുട്ടികളെ കുറിച്ച് സംശയം തോന്നിയ ഹോട്ടൽ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ കുട്ടികൾ രക്ഷപ്പെടാൻ ശ്രമിച്ചു. അഞ്ച് പേർ ഓടി രക്ഷപ്പെടുകയും ഒരാളെ തടഞ്ഞുവെക്കുകയുമായിരുന്നു
കേരളാ പോലീസ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. നിലവിൽ മഡിവാള പോലീസിന്റെ കസ്റ്റഡിയിലുള്ള കുട്ടിയെ കൈമാറും. മറ്റ് പെൺകുട്ടികൾ അധികദൂരം സഞ്ചരിക്കാൻ സാധ്യതയില്ലെന്നും ഇവരെ എത്രയും വേഗം കണ്ടെത്താൻ സാധിക്കുമെന്നും പോലീസ് പറഞ്ഞു. ആറ് കുട്ടികൾക്കും പ്രായപൂർത്തിയായിട്ടില്ല