Tuesday, January 7, 2025
Top News

പ്രഭാത വാർത്തകൾ

 

🔳സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഓഫ് ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പൊതുപരീക്ഷയ്ക്ക് 60 ശതമാനം ഫോക്കസ് ഏരിയയില്‍നിന്നാണ് 70 ശതമാനം ചോദ്യങ്ങളുണ്ടാകുക. ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഹാജര്‍ നിര്‍ബന്ധമാക്കും. ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് വിപുലമാക്കും. ഏഴാം ക്ലാസ്വരെ വിക്ടേഴ്സ് ചാനലില്‍ ഡിജിറ്റല്‍ ക്ലാസ് ഉണ്ടാകും. മറ്റുള്ളവര്‍ക്ക് ജിസ്യൂട്ട് വഴിയാണ് ഓണ്‍ലൈന്‍ ക്ലാസ്. ഹയര്‍സെക്കണ്ടറി ഇംപ്രൂവ്മെന്റ പരീക്ഷകള്‍ ഈ മാസം 29 ന് നടക്കും. കൊവിഡ് ബാധിതര്‍ക്കു പരീക്ഷയ്ക്കു പ്രത്യേക സംവിധാനം ഒരുക്കും.

🔳ലോകായുക്ത ഓര്‍ഡിനന്‍സില്‍ നിയമവശം പരിശോധിച്ചശേഷമേ ഗവര്‍ണര്‍ നടപടിയെടുക്കൂ. വിഷയത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാതെ രാഷ്ട്രപതിക്ക് അയക്കണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ഇന്നലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടിരുന്നു. ഓര്‍ഡിനന്‍സ് ഈ മാസം 19 നാണ് മന്ത്രിസഭ അംഗീകരിച്ചത്.

🔳സംസ്ഥാനത്തെ മൂന്നാംതരംഗം, ഒമിക്രോണ്‍ തരംഗമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 94 ശതമാനവും ഒമിക്രോണ്‍ കേസുകളാണ്. ആറു ശതമാനം ഡെല്‍റ്റ വകഭേദമാണ്. ആശുപത്രികളിലെ ഐസിയു ഉപയോഗത്തില്‍ രണ്ട് ശതമാനം കുറവുണ്ടായി. വെന്റിലേറ്ററിലും കുറവുണ്ടായി. കൊവിഡ് വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിംഗ് സെല്‍ രൂപീകരിക്കും. ഫോണ്‍ നമ്പര്‍- 0471 2518584. ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.

🔳കോഴിക്കോട് ഇരട്ടസ്ഫോടനക്കേസില്‍ എന്‍ഐഎയെ വിമര്‍ശിച്ച് ഹൈക്കോടതി. നാലു വര്‍ഷം അന്വേഷിച്ചിട്ടും ഒരു തെളിവുപോലും കിട്ടിയില്ല. മാപ്പു സാക്ഷിയുടെ മൊഴികള്‍ കേസിനെ തുണച്ചില്ല. സാധുതയില്ലാത്ത കുറ്റസമ്മതമൊഴികള്‍ മാത്രംവച്ച് കേസ് ചിട്ടപ്പെടുത്തിയെന്നും കോടതി വിമര്‍ശിച്ചു. ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷിഫാസിനെയും വെറുതെ വിട്ട കോടതി, നേരത്തെ രണ്ടു പ്രതികളെ വെറുതവിട്ടതിനെതിരേ എന്‍ഐഎ നല്‍കിയ അപ്പീല്‍ തള്ളുകയും ചെയ്തു.

🔳കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ ആറു പെണ്‍കുട്ടികള്‍ ബംഗളൂരുവിലെ ഹോട്ടലില്‍. ഹോട്ടലില്‍ പെണ്‍കുട്ടികളെ തടഞ്ഞുവച്ചെങ്കിലും പോലീസ് എത്തുന്നതിനിടെ അഞ്ചു പെണ്‍കൂട്ടികള്‍ ഓടിരക്ഷപ്പെട്ടു. ഒരു പെണ്‍കുട്ടിയേയും ഹോട്ടലില്‍ മുറിയെടുക്കാന്‍ ഒപ്പമുണ്ടായിരുന്ന രണ്ടു യുവാക്കളേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഇന്ന് കോഴിക്കോട്ടെത്തിക്കും.

🔳കൊവിഡ് ധനസഹായത്തുക രണ്ടു ദിവസത്തിനകം നല്‍കണമെന്ന് ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. സുപ്രീംകോടതി ഇടപെട്ടിരിക്കുന്ന സാഹചര്യത്തിലാണ് വിതരണം വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചത്. 36,000 അപേക്ഷകളാണ് ലഭിച്ചത്. കൊവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട 3,794 കുട്ടികള്‍ക്കുള്ള സഹായധന വിതരണവും വേഗത്തിലാക്കണം. ഒറ്റത്തവണ ധനസഹായമായ മൂന്നു ലക്ഷം രൂപയും പ്രതിമാസ തുകയായ 2000 രൂപയുമാണ് ധനസഹായം.

🔳തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഭാരത് മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു പദ്ധതി നടപ്പാക്കുക. സ്ഥലമേറ്റെടുക്കലിന്റെ അമ്പത് ശതമാനം തുകയും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം.

🔳മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷന്‍ സുപ്രീംകോടതിയില്‍. 2010-12 കാലയളവിലാണ് ഏറ്റവും ഒടുവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടന്നത്.

🔳ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരേ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പട്ട് അഡ്വക്കേറ്റ് ജനറലിന് ഡിജിപി കത്തു നല്‍കി. അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു.

🔳എംബിബിഎസ്, എം.ഡി സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍. പത്തനംതിട്ട നെടുമ്പ്രം നടുവിലേമുറി ഓട്ടോഫീസ് റോഡില്‍ ജനിമോന്‍സ് കോട്ടേജില്‍ ബൈജു സൈമണാണ് (46) മാന്നാര്‍ പൊലീസിന്റെ പിടിയിലായത്. തലവടി സ്വദേശികളായ ഒരാളില്‍നിന്ന് എം.ബി.ബി.എസ് സീറ്റിന് 15.12 ലക്ഷം രൂപയും, എം.ഡിക്ക് മറ്റൊരാളില്‍ നിന്ന് 20.9 ലക്ഷം രൂപയും വാങ്ങിയെന്നാണ് കേസ്.

🔳വയനാട്ടില്‍ ഒന്നേമുക്കാല്‍ കോടി രൂപയുടെ ഹവാല പണം പിടിച്ചെടുത്തു. മൈസൂരില്‍ നിന്ന് പച്ചക്കറി കയറ്റിവന്ന പിക്കപ്പ് വാനിലെ രഹസ്യ അറയില്‍നിന്നാണ് പണം കണ്ടെത്തിയത്. സംഭവത്തില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ആറ്റകോയ, മുസ്തഫ എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.

🔳തിരുവനന്തപുരം ആറ്റിങ്ങലില്‍ രാത്രി ബസ് കാത്തുനില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകയെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണ എന്ന 21 കാരനാണു പിടിയിലായത്.

🔳ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി വീടുവിട്ട വിദ്യാര്‍ഥിനിയെ പൊലീസ് തിരുവനന്തപുരത്ത് കണ്ടെത്തി. പത്തൊമ്പതുകാരനായ തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ജെഫിന്‍ ജോയിയെ അറസ്റ്റു ചെയ്തു.

🔳പറവൂരില്‍ വിദേശ വിനോദ സഞ്ചാരികളെ ആക്രമിക്കാന്‍ ശ്രമിച്ച മദ്യപസംഘത്തെ പൊലീസ് തെരയുന്നു. കയാക്കിങ്ങ് പരിശീലനത്തിന് എത്തിയ റഷ്യന്‍ സ്വദേശികളെയാണ് മദ്യപസംഘം ആക്രമിച്ചത്. അവര്‍ സഞ്ചരിച്ചിരുന്ന വഞ്ചിക്കുനേരെ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തു. വിനോദസഞ്ചാരികള്‍ പറവൂര്‍ പൊലീസിന് പരാതി നല്‍കി.

🔳ആലുവയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. കൊല്ലത്തേക്ക് പോകുന്ന ട്രെയിന്‍ പാളം തെറ്റിയതോടെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

🔳തീയറ്ററുകള്‍ ഭാഗികമായി അടച്ചിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 50 ശതമാനം സീറ്റുകളില്‍ പ്രവേശനം നല്‍കി തീയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ ആവശ്യം.

🔳രണ്ടര ലക്ഷം രൂപ വിലവരുന്ന ഹെറോയിന്‍ മയക്കുമരുന്നുമായി ബംഗാള്‍ സ്വദേശിയെ മുവാറ്റുപുഴ പോലീസ് അറസ്റ്റു ചെയ്തു. മുളവൂരില്‍ താമസിച്ചിരുന്ന 34 കാരനാണു പിടിയിലായത്.

🔳പത്തനംതിട്ട കൊടുമണില്‍ സഹകരണ സംഘം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ പ്രതികളായ ഡിവൈഎഫ്ഐക്കാരെ പോലീസ് സംരക്ഷിക്കുകയാണെന്ന് സിപിഐയും യുവജന സംഘടനയായ എഐവൈഎഫും. പൊലീസിനെതിരെ എഐവൈഎഫ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

🔳തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പക്ഷികളെ തുരത്താന്‍ പടക്കം പൊട്ടിച്ചതിനെത്തുടര്‍ന്ന് റണ്‍വേക്കു സമീപത്തെ പുല്‍ത്തകിടിയില്‍ തീപിടുത്തം. വിമാനത്താവളത്തിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു.

🔳തമിഴ്‌നാട്ടിലെ വനമേഖലയിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകാരം നേടിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത് വ്യവസായ പ്രമുഖനില്‍നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തെന്നു കേസ്. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാവിനെതിരേയാണ് പരാതി. തമിഴ്നാട്ടിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരും തട്ടിപ്പില്‍ കണ്ണികളാണെന്നും റിപ്പോര്‍ട്ടുണ്ട്.

🔳തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറി നല്‍കി. ചേറ്റുവ സ്വദേശി സഹദേവന്റേയും വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശി സെബാസ്റ്റ്യന്റേയും മൃതദേഹങ്ങളാണ് പരസ്പരം മാറിയത്. സഹദേവന്റേതെന്നു കരുതി ബന്ധുക്കള്‍ ഏറ്റുവാങ്ങിയ സെബാസ്റ്റ്യന്റെ മൃതദേഹം ദഹിപ്പിച്ചു. മൃതദേഹം മാറിയെന്നു വ്യക്തമായതോടെ സഹദേവന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സെബാസ്റ്റ്യന്റെ ചിതാഭസ്മം ബന്ധുക്കള്‍ക്കു നല്‍കും. രണ്ടു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

🔳കെഎസ്ആര്‍ടിസി ബസിലെ ടിക്കറ്റ് പ്രിന്റിങ് മെഷീന്‍ പൊട്ടിത്തെറിച്ച് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ ജീവനക്കാരുടെ വിശ്രമ മുറിയില്‍ രാവിലെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്നു എത്തിയ സൂപ്പര്‍ ഡീലക്സ് ബസിലെ മെഷീനാണ് പൊട്ടിത്തെറിച്ചത്. കണ്ടക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി എം.എം. മുഹമ്മദ്, ഡ്രൈവര്‍ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി എന്നിവര്‍ക്കാണു പരിക്കേറ്റത്.

🔳മത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങള്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സിന് അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇന്ത്യന്‍ മതേതരത്വത്തിന്റെ അന്ത:സത്തക്ക് വിരുദ്ധമാണെന്ന് വനിതാ ലീഗ് പ്രസിഡണ്ട് സുഹ്റ മമ്പാട്. ഗ്രേസ് മാര്‍ക്കും മറ്റും ലഭിക്കുന്ന എസ്പിസിയില്‍ മതത്തിന്റെ ഭാഗമായ വേഷങ്ങള്‍ അനുവദിക്കാത്തത് മൗലികാവകാശ ലംഘനമാണെന്നും അവര്‍ പറഞ്ഞു.

🔳കൊവിഡ് വാക്സീന്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തിക്കാന്‍ അനുമതി. കൊവാക്സീനും കോവിഷീല്‍ഡിനുമാണ് വാണിജ്യാനുമതി. മെഡിക്കല്‍ ഷോപ്പുകളില്‍ വാക്സീന്‍ ലഭ്യമാകില്ല. ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും വാക്സീന്‍ വാങ്ങാം. വാക്സിനേഷന്റെ വിവരങ്ങള്‍ ആറുമാസം കൂടുമ്പോള്‍ ഡിസിജിഐയെ അറിയിക്കണം. കോവിന്‍ ആപ്പിലും വിവരങ്ങള്‍ നല്‍കണം. വില 425 രൂപയായി ഏകീകരിക്കുമെന്നാണ് സൂചന.

🔳രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ അടുത്ത മാസം വരെ നീട്ടി. 407 ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തിനു മുകളിലാണ്. പ്രാദേശികമായ നിയന്ത്രണം ഏര്‍പ്പെടുത്തി രോഗ വ്യാപനം തടയണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടു നിര്‍ദ്ദേശിച്ചത്.

🔳ഗോവയില്‍ ബിജെപി സ്ഥാനാര്‍ഥിയായ മരുമകള്‍ക്കുവേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് റാണെ മല്‍സരരംഗത്തുനിന്ന് പിന്മാറി. പോരിം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ഡോ.ദിവ്യ പ്രതാപ് സിംഗ് റാണെയുടെ മരുമകളാണ്. സാമൂഹിക പ്രവര്‍ത്തകന്‍ രഞ്ജിത്ത് റാണെയാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുക.

🔳പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ സംസ്ഥാനത്തെ അഞ്ച് എംപിമാര്‍ പങ്കെടുത്തില്ല. മനീഷ് തിവാരി, രവ്‌നീത് സിങ് ബിട്ടു, ജസ്ബിര്‍ സിങ് ഗില്‍, മുഹമ്മദ് സാദിഖ്, പ്രണീത് കൗര്‍ എന്നിവരാണ് പങ്കെടുക്കാതിരുന്നത്. ക്ഷണിച്ചില്ലെന്നാണ് അവര്‍ പറയുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തോട് വിയോജിപ്പു പ്രകടിപ്പിച്ച് കത്തെഴുതിയ 23 നേതാക്കളിലൊരാളാണ് മനീഷ് തിവാരി.

🔳ഇത്തവണ പത്മ പുരസ്‌കാരം നേടിയവരില്‍ നിരക്ഷരനായ ഒരു സാധു കര്‍ഷകനും. കര്‍ണാടകത്തിലെ മംഗളൂരുവില്‍നിന്ന് കുറച്ച് അകലെയുള്ള കേപ്പു ഗ്രാമവാസിയായ അമൈ മഹാലിംഗ നായിക്ക് എന്ന എഴുപത്തേഴുകാരന്‍. വെള്ളം ഇല്ലാത്തതിനാല്‍ തരിശായിരുന്ന രണ്ടേക്കര്‍ ഭൂമിയിലേക്കു ചെറിയൊരു തുരങ്കത്തില്‍നിന്നു വെള്ളം കണ്ടെത്തി ജൈവകൃഷിയിടമാക്കി മാറ്റി. ‘ടണല്‍ മാന്‍’ എന്നും അറിയപ്പെടുന്ന അദ്ദേഹത്തിന്റെ കാര്‍ഷിക ജീവിതത്തിനാണ് പത്മ പുരസ്‌കാരം സമ്മാനിച്ചത്.

🔳അരുണാചല്‍ പ്രദേശില്‍നിന്ന് കാണാതായ പതിനേഴുകാരന്‍ മിറം താരോണിനെ ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തിരിച്ചെത്തിച്ചു. കിബിത്തു സെക്ടറില്‍ രാവിലെ പത്തരയോടെയാണ് കുട്ടിയെ കൈമാറിയത്. കേന്ദ്രനിയമമന്ത്രിയും അരുണാചലില്‍ നിന്നുള്ള ബിജെപി നേതാവുമായ കിരണ്‍ റിജ്ജുവാണ് കുട്ടിയെ ഇന്ത്യന്‍ സൈന്യത്തിനു കൈമാറിയെന്ന വിവരം പുറത്തുവിട്ടത്.

🔳റെയില്‍വേ നിയമന പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ച് ബിഹാറില്‍ ഇന്നു ബന്ദ്. ഉദ്യോഗാര്‍ഥികള്‍ ട്രെയിനുകള്‍ തീവച്ചതിന് പിറകേയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചത്. പരാതി കേള്‍ക്കാന്‍ നിയോഗിച്ച സമിതിയോട് സഹകരിക്കേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ തീരുമാനം.

🔳എയര്‍ ഇന്ത്യ ഇനി ടാറ്റായുടെ റണ്‍വേയില്‍. എയര്‍ ഇന്ത്യയെ ടാറ്റയ്ക്കു കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച ശേഷം ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ എയര്‍ ഇന്ത്യ ആസ്ഥാനത്തെത്തി. പൊതുമേഖലാ സ്ഥാപനമായിരുന്ന എയര്‍ ഇന്ത്യ ഇതോടെ ടാലസ് പ്രൈവറ്റ് ലിമിറ്റഡിനു സ്വന്തമായി. വ്യോമയാന മേഖലയിലെ 26.7 ശതമാനം വിപണിയാണ് എയര്‍ ഇന്ത്യക്കുള്ളത്.

🔳ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഒഡിഷ എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്ന് ഒന്നാം സ്ഥാനം ഉറപ്പിച്ച് ഹൈദരാബാദ് എഫ് സി. ആദ്യ പകുതിയില്‍ ഒഡിഷ ഒരു ഗോളിന് മുന്നിലായിരുന്നു. ജയത്തോടെ ഹൈദരാബാദ് 13 കളികളില്‍ നിന്ന് 23 പോയന്റുമായി ഒന്നാം സ്ഥാനം സുരക്ഷിതമാക്കി.

🔳കേരളത്തില്‍ ഇന്നലെ 1,16,003 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 51,739 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടിപിആര്‍ 44.60. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,434 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 42,653 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,09,489 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര്‍ 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര്‍ 2152, പത്തനംതിട്ട 2063, ഇടുക്കി 1986, വയനാട് 1344, കാസര്‍ഗോഡ് 1029.

🔳രാജ്യത്ത് ഇന്നലെ രണ്ടര ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 25,425, കര്‍ണാടക- 38,083, തമിഴ്‌നാട്- 28,515, ഗുജറാത്ത് – 12,911, ആന്ധ്രപ്രദേശ്-13,474, ഡല്‍ഹി- 4,291.

🔳ആഗോളതലത്തില്‍ ഇന്നലെ മുപ്പത്തിയഞ്ച് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ അഞ്ച്് ലക്ഷത്തിനടുത്ത്. ബ്രസീല്‍ – 2,10,888, ഇംഗ്ലണ്ട്- 96,871, ഫ്രാന്‍സ്- 3,92,168, ഇറ്റലി- 1,55,697, സ്പെയിന്‍ – 1,30,888, ജര്‍മനി-1,89,363. ഇതോടെ ആഗോളതലത്തില്‍ 36.63 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.11 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,275 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 2,118, റഷ്യ- 665, ബ്രസീല്‍ – 578, ഇംഗ്ലംണ്ട് – 338, ഇറ്റലി- 389, മെക്സിക്കോ – 532. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56.55 ലക്ഷമായി.

🔳പ്രമുഖ നിക്ഷേപകനും കേഡിയ സെക്യൂരിറ്റിസിന്റെ എംഡിയുമായ വിജയ് കേഡിയയുടെ ‘ബിഎസ്ഇ മേരി ജാന്‍ ഹോ തും’ എന്ന ജിംഗിള്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സ്വന്തമാക്കി. ഒരു രൂപയ്ക്കാണ് ജിംഗിള്‍ ഉപയോഗിക്കാനുള്ള അവകാശം സ്റ്റോക്ക് എക്സ്ചേഞ്ചിന് കേഡിയ നല്‍കിയത്. രണ്ട് മിനിട്ടും 40 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ബിഎസ്ഇ മേരി ജാന്‍ ഹോ തും’ എഴുതി ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത് കേഡിയ തന്നെയാണ്. ബിഎസ്ഇയെക്കുറിച്ച് അദ്ദേഹം തയ്യാറാക്കിയ പതിമൂന്നാമത്തെ ഗാനമാണ് ബിഎസ്ഇ മേരി ജാന്‍ ഹോ തും. ആഗോള തലത്തില്‍ ജിംഗിള്‍ ഉപയോഗിക്കാനും കൈമാറ്റം ചെയ്യാനുമുള്ള അവകാശമാണ് കേഡിയ ബിഎസ്ഇക്ക് നല്‍കിയത്.

🔳കമ്പനി പുനഃസംഘടനയുടെ ഭാഗമായി ജീവനക്കാരെ കുറയ്ക്കാന്‍ ഒരുങ്ങി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. സീനിയര്‍ മാനേജ്മെന്റ് ലെവല്‍ റോളുകള്‍ 15 ശതമാനം കുറയ്ക്കും. ജൂണിയര്‍ ലെവല്‍ തസ്തികകള്‍ അഞ്ച് ശതമാനമാണ് കുറയ്ക്കുക. ആഗോള തലത്തില്‍ 1,500 തസ്തികകള്‍ കുറച്ചേക്കും. ലോകമെമ്പാടും ഏകദേശം 149,000 ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. യൂണിലിവര്‍ ഓഹരികള്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 13 ശതമാനം ഇടിഞ്ഞിരുന്നു.

🔳ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് നിമിഷ സജയന്‍. താരം വേഷമിട്ട ചിത്രങ്ങളെല്ലാം ഇന്ത്യയില്‍ ഒട്ടാകെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇതാദ്യമായി മറാത്തി സിനിമയില്‍ അഭിനയിക്കുകയാണ് നിമിഷ.’ഹവ്വാഹവ്വായ്’ എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയന്‍ മറാത്തിയില്‍ എത്തുന്നത്. നിമിഷ സജയന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. മഹേഷ് തിലേകര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ ഒന്നിന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.

🔳വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നൈറ്റ് ഡ്രൈവ്’. റോഷന്‍ മാത്യുവും അന്ന ബെന്നുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ‘നൈറ്റ് ഡ്രൈവ്’ ചിത്രത്തിലെ ഇന്ദ്രജിത്ത് സുകുമാരന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൊലീസ് വേഷങ്ങളില്‍ എന്നും മികവ് കാട്ടാറുള്ള നടനാണ് ഇന്ദ്രജിത്ത്. ‘നൈറ്റ് ഡ്രൈവ്’ ചിത്രത്തില്‍ ‘സിഐ ബെന്നി മൂപ്പന്‍’ എന്ന കഥാപാത്രമായിട്ടാണ് ഇന്ദ്രജിത്ത് അഭിനയിച്ചത്. ചിത്രത്തില്‍ രണ്‍ജിപണിക്കര്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

🔳ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എക്സ്യുവി 700 പുറത്തിറക്കിയത്. 2021ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഏറെ വാഗ്ദാനങ്ങളോടെയാണ് മഹീന്ദ്ര ഇത് അവതരിപ്പിച്ചത്. ഇപ്പോഴിതാ രാജ്യത്തിന്റെ 73-ാമത് റിപ്പബ്ലിക് ദിനത്തില്‍, രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് 14,000 യൂണിറ്റുകള്‍ എത്തിക്കുക എന്ന മുന്‍ പ്രഖ്യാപിത ലക്ഷ്യം കൈവരിച്ചതായി മഹീന്ദ്ര സ്ഥിരീകരിച്ചു. 2021-ല്‍ ഇന്ത്യന്‍ കാര്‍ വിപണിയിലെ ഏറ്റവും വലിയ ലോഞ്ചുകളില്‍ ഒന്നായിരുന്നു എക്സ്യുവി 700.

🔳ഭ്രമാത്മകവും സ്വപ്നസമാനവുമായ അനുഭവ പരമ്പരകളിലൂടെ വായനക്കാരനെ ആകാംക്ഷയുടെ മുനമ്പില്‍ നിര്‍ത്തുന്ന നോവല്‍. പകയും പ്രതികാരവും അന്ധമായ ദൈവഭയവും പ്രണയവും കാമവുമെല്ലാം കൂടിക്കലര്‍ന്ന ഗോത്രജീവിതത്തിന്റെ ചരിത്രം വര്‍ത്തമാനകാലജീവിതവുമായി കൂടിക്കലരുന്ന അപൂര്‍വ്വാനുഭവം. ‘ഇസഹാക്കിന്റെ വിരുന്ന്’. മോസ് വര്‍ഗീസ്. ഗ്രീന്‍ ബുക്സ്. വില 220 രൂപ.

🔳കോവിഡിന്റെ മറ്റു വകഭേദങ്ങളേക്കാള്‍ ഒമൈക്രോണ്‍ പരത്തുന്ന വൈറസിന് കൂടുതല്‍ കാലം നിലനില്‍ക്കാനാവുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശരീരത്തിലെ ചര്‍മത്തില്‍ 21 മണിക്കൂര്‍ വരെ വൈറസിന് ജീവനോടെ നിലനില്‍ക്കാനാകും. പ്ലാസ്റ്റിക് പ്രതലങ്ങളില്‍ എട്ടു ദിവസത്തിലേറെയും വൈറസ് നിലനില്‍ക്കും. ഇത് മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഇതാണ് ഒമൈക്രോണിന്റെ അതിവ്യാപനത്തിന് കാരണമെന്നും പഠനം വ്യക്തമാക്കുന്നു. ജപ്പാനിലെ ക്യോട്ടോ പ്രെഫെക്ചറല്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകരാണ് സുപ്രധാന കണ്ടെത്തല്‍ നടത്തിയത്. ആദ്യ വൈറസിനേക്കാള്‍, ആല്‍ഫ, ബീറ്റ, ഡെല്‍റ്റ, ഒമൈക്രോണ്‍ വകഭേദങ്ങള്‍ക്കെല്ലാം രണ്ടു മടങ്ങ് അധികം ചര്‍മ്മത്തിലും പ്ലാസ്റ്റിക് പ്രതലത്തിലും തങ്ങാന്‍ കഴിയുന്നുണ്ട്. ഈ വകഭേദങ്ങളിലെല്ലാം ഏറ്റവും കൂടുതല്‍ പാരിസ്ഥിതിക സ്ഥിരത ഒമൈക്രോണിനാണ്. അതാണ് ഡെല്‍റ്റയെയും മറികടന്ന് അതിവേഗം വൈറസ് ബാധ പടരാന്‍ ഇടയാക്കുന്നത്. പ്ലാസ്റ്റിക് പ്രതലത്തില്‍ ആദ്യ വൈറസിന് 56 മണിക്കൂറാണ് അതിജീവിക്കാന്‍ കഴിയുകയെങ്കില്‍, ആല്‍ഫയ്ക്ക് 191.3 മണിക്കൂറും, ബീറ്റയ്ക്ക് 156.6 മണിക്കൂറും ഗാമയ്ക്ക് 59.3 മണിക്കൂറും ഡെല്‍റ്റയ്ക്ക് 114 മണിക്കൂറുമാണ് അതിജീവിക്കാനാവുക. എന്നാല്‍ ഒമൈക്രോണിന് 193.5 മണിക്കൂര്‍ നിലനില്‍ക്കാന്‍ കഴിയും. ചര്‍മ്മസാംപിളിന് പുറത്ത് ആദ്യ വൈറസിന് 8.6 മണിക്കൂര്‍ നിലനില്‍ക്കാന്‍ കഴിയുമെങ്കില്‍ആല്‍ഫയ്ക്ക് 19.6 മണിക്കൂര്‍, ബീറ്റയ്ക്ക് 19.1 മണിക്കൂര്‍, ഗാമയ്ക്ക് 11 മണിക്കൂര്‍, ഡെല്‍റ്റയ്ക്ക് 16.8 മണിക്കൂര്‍ എന്നിങ്ങനെയാണ് ്തിജീവന സമയം. ഒമൈക്രോണിനാകട്ടെ 21.1 മണിക്കൂര്‍ വരെ അതിജീവിക്കാനാകുമെന്നും പഠനം വ്യക്തമാക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ രാജ്യത്തെ ഖജനാവ് സൂക്ഷിപ്പുകാരന്‍ അവിടത്തെ രാജാവിന് വധിച്ചതിന് ശേഷം പണവുമായി ദൂരെ ഒരു നാട്ടില്‍ താമസമാക്കി. കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ തന്റെ പ്രവൃത്തിയില്‍ അയാള്‍ക്ക് പശ്ചാത്താപം തോന്നി. അതിന് പരിഹാരമായി നാടിന് ഉപകാരമുള്ള എന്തെങ്കിലും ചെയ്യാന്‍ അയാള്‍ തീരുമാനിച്ചു. രാജ്യത്തെ രണ്ടായി വിഭജിക്കുന്ന ഒരു മല തുരന്ന് ഒരു തുരങ്കം നിര്‍മ്മിക്കാന്‍ അയാള്‍ തീരുമാനിച്ചു. അതിന്റെ പണി വര്‍ഷങ്ങള്‍ നീണ്ടു. അങ്ങനെയിരിക്കെ തന്റെ അച്ഛനെ വധിച്ചയാളെ അന്വേഷിച്ച് രാജകുമാരന്‍ എത്തി. രാജകുമാരന്‍ അയാളെ കൊല്ലാന്‍ ഒരുങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു: ഞാന്‍ ഈ നാടിനുവേണ്ടിയുള്ള തുരങ്കപാതയുടെ നിര്‍മ്മാണത്തിലാണ്. തുരങ്കനിര്‍മ്മാണം കുറച്ച് നാളുകള്‍ക്ക് ശേഷം പൂര്‍ത്തിയാകും. അപ്പോള്‍ ഞാന്‍ അങ്ങയുടെ അടുത്തേക്ക് വരാം. അതുവരെ എന്നെ കൊല്ലരുത്. രാജകുമാരന്‍ സമ്മതിച്ചു. വീണ്ടും കുറച്ച് വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. അയാള്‍ രാജകുമാരന് അടുത്തെത്തി പറഞ്ഞു: ഇനി അങ്ങേയ്ക്ക് എന്നെ വധിക്കാം… അപ്പോള്‍ രാജകുമാരന്‍ പറഞ്ഞു: ആദ്യനാളുകളിലെല്ലാം എനിക്ക് നിങ്ങളോട് പകയായിരുന്നു. പക്ഷേ, എനിക്ക് താങ്കള്‍ ക്ഷമയും പരിശ്രമവും മനോബലവും എന്താണെന്ന് കാണിച്ചുതന്നു. അത് ഞാന്‍ പഠിച്ചത് നിങ്ങളില്‍ നിന്നാണ്. ഇപ്പോള്‍ താങ്കള്‍ എന്റെ ഗുരുവാണ്.. വികാരപരമായ തീരുമാനങ്ങള്‍ വിനാശകരവും വിവേകപൂര്‍ണ്ണമായ തീരുമാനങ്ങള്‍ സൃഷ്ടിപരവുമാണ്. ആവേശം കൊണ്ട് തുടങ്ങുന്ന പല കാര്യങ്ങള്‍ക്കും ആരംഭശൂരത്വം ഉണ്ടാകുമെങ്കിലും ആത്യന്തികഫലം അനുകൂലമാകണമെന്നില്ല. വീണ്ടുവിചാരത്തോടുകൂടിയുള്ള കര്‍മ്മങ്ങള്‍ മാത്രമേ നന്മകള്‍ ഉത്പാദിപ്പിക്കുകയുള്ളൂ. അല്ലാത്തവയെല്ലാം താല്‍ക്കാലിക വൈകാരിക സംതൃപ്തിയില്‍ അവസാനിക്കും. തെറ്റി എന്ന് തിരിച്ചറിഞ്ഞാല്‍ പിന്നീടുള്ള ഏറ്റവും നല്ലവഴിയും ഏകവഴിയും തിരുത്തലാണ്. എവിടേക്ക് ഒളിച്ചുപോയാലും കര്‍മ്മഫലങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവില്ല. പരിഹാരകര്‍മ്മങ്ങള്‍ ഒരിക്കലും കുററകൃത്യങ്ങള്‍ക്ക് പ്രതിവിധിയാകില്ല. എന്നാല്‍ അത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കപ്പെടില്ല എന്നുറപ്പുവരുത്താന്‍ പരിഹാരപ്രവൃത്തികള്‍ക്ക് കഴിയും. തിന്മ നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ പാതി മതി നന്മ നട്ടുപിടിപ്പിക്കാന്‍. നമുക്കും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താന്‍ ശ്രമിക്കാം , നല്ല വഴി തിരഞ്ഞെടുക്കാം – ശുഭദിനം.

Leave a Reply

Your email address will not be published. Required fields are marked *