ഇ.പി ജയരാജനെതിരായ നീക്കം മുഖ്യമന്ത്രിയുള്‍പ്പെടെ ഉന്നതര്‍ക്ക് അറിയാം; വി.ഡി സതീശന്‍
ഇ. പി ജയരാജനെതിരായ നീക്കം മുഖ്യമന്ത്രിയുള്‍പ്പെടെ ഉന്നതര്‍ക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം അമ്പരപ്പിക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. സിപിഐഎമ്മില്‍ വലിയ പൊട്ടിത്തെറികളുണ്ടാകുമെന്ന കണക്ക് കൂട്ടലിലാണ് യുഡിഎഫ് നേതൃത്വം.
രാഷ്ട്രീയമായി വീണുകിട്ടിയ ആയുധം കരുതലോടെ കൈകാര്യം ചെയ്യാനാണ് യുഡിഎഫ് തീരുമാനം. സിപിഐഎമ്മിനെയും സര്‍ക്കാരിനെയും ഒരുപോലെ പ്രഹരിക്കാനാകുന്ന ആയുധമായാണ് വിഷയത്തെ പ്രതിപക്ഷം കാണുന്നത്. നിലവിലെ പൊട്ടലും ചീറ്റലും വലിയ പൊട്ടിത്തെറികളിലേക്ക് നീങ്ങുമെന്നും യുഡിഎഫ് കരുതുന്നു. ഇ പി ജയരാജനെതിരെ നടക്കുന്ന നീക്കം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
അതേസമയം, വിഷയം സിപിഐഎമ്മിന്റെ ആഭ്യന്തര പ്രശ്‌നമെന്നായിരുന്നു മുസ്ലിംലീഗിന്റെ നിലപാട്. സ്വത്ത് സമ്പാദന ആരോപണത്തില്‍ ഇപി ജയരാജനെതിരായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക ആരോപണത്തില്‍ ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുമെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണം.
വിവാദം സിപിഐഎം നേതൃത്വം ഇടപെട്ട് അവസാനിപ്പിച്ചാലും രാഷ്ട്രീയാധുമായി ഉപയോഗിക്കാന്‍ തന്നെയാണ് പ്രതിപക്ഷ തീരുമാനം.