‘വിവാദങ്ങൾക്കിടെ കൂടിക്കാഴ്ച’; ഇ പി ജയരാജനും പി ജയരാജനും ലീഗ് നേതാവിന്റെ വസതിയിൽ
വിവാദങ്ങൾക്കിടെ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇന്നലെ പാനൂരിലെ ലീഗ് നേതാവ് പൊട്ടൻകണ്ടി അബ്ദുല്ലയുടെ മകന്റെ വിവാഹത്തിന് എത്തിയപ്പോഴാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. എന്നാൽ വിവാദ കാര്യങ്ങളെക്കുറിച്ചുള്ള ഒരുതരത്തിലുള്ള സംസാരവും ഇന്നലെ നടന്നിട്ടില്ല എന്നാണ് വിവരം.
പി ജയരാജൻ മുഖ്യമന്ത്രിയുമായും ചർച്ച നടത്തിയിട്ടുണ്ട്. ഇന്നലെ പിണറായിയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് ആയിരുന്നു മുഖ്യമന്ത്രിയുമായുളള പി ജയരാജന്റെ കൂടിക്കാഴ്ച.ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇ പി ജയരാജൻ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇപി പദവികൾ ഒഴിഞ്ഞേക്കുമെന്നാണ് വിവരം.
എൽഡിഎഫ് കൺവീനർ പദവിയിൽ നിന്ന് ഉൾപ്പടെ രാജിവച്ചേക്കും. വെള്ളിയാഴ്ച്ചത്തെ സിപിഐഎം സെക്രട്ടറിയേറ്റിലും ഇപി പങ്കെടുക്കില്ല. അടുത്ത നേതാക്കളെ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ന് ചേരുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം വിഷയം ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഇപിയുടെ നീക്കം.