Tuesday, January 7, 2025
Kerala

മോഫിയയുടെ ആത്മഹത്യ; അന്വേഷണം എറണാകുളം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു

ആലുവയിൽ നിയമ വിദ്യാർഥിനിയായ മോഫിയാ പർവ്വീൺ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി.വൈ.എസ്.പി വി.രാജീവിനാണ് അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

ആലുവ സി.ഐക്കെതിരെയും ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും ഗുരുതരമായ ആരോപണമുന്നയിച്ച് കുറിപ്പ് എഴുതി വച്ചാണ് മോഫിയ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്. ഇവര്‍ റിമാന്‍റിലാണ്.

അതേസമയം, ഭർതൃപീഡനവും സ്ത്രീധന പീഡനവും ആരോപിച്ച് മോഫിയ നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതില്‍ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സി.ഐ സി.എല്‍ സുധീറിന് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്നതാണ് ഡി.വൈ.എസ്‍.പിയുടെ റിപ്പോർട്ട്. ഒക്ടോബർ 29ന് പരാതി ലഭിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്തത് മോഫിയ ആത്മഹത്യ ചെയ്‍ത ദിവസമാണെന്നും റിപ്പോർട്ടിലുണ്ട്. ആലുവ പൊലീസ് സ്റ്റേഷന്‍റെ ചുമതലയിലെ തിരക്ക് കാരണം മോഫിയയുടെ പരാതി പരിശോധിക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥനെ നിയോഗിച്ചെന്നാണ് സുധീറിന്‍റെ വിശദീകരണം.

സുധീറിനെ ഭരണപക്ഷം രക്ഷിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ എസ്.പി ഓഫീസിലേക്ക് മാർച്ച് നടന്നു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. സി.ഐക്കെതിരെ നടപടിയില്ലാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കോൺഗ്രസ് നിലപാട്. അതിനിടെ, എസ്.പിക്ക് പരാതി നല്‍കാനെത്തിയ മോഫിയയുടെ സഹപഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധം കനത്തതിനെ തുടർന്ന് പിന്നീട് വിദ്യാർഥികളെ വിട്ടയക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *