കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനിക്ക് നേരെ ബലാത്സംഗ ശ്രമം; പ്രതി നാട്ടുകാരനായ പതിനഞ്ച്കാരന്‍ പോലീസ് കസ്റ്റഡിയിൽ
മലപ്പുറം: കൊണ്ടോട്ടി കൊട്ടൂക്കരയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പതിനഞ്ചുകാരനെന്ന് പോലീസ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതി കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെനാട്ടുകാരന്‍ തന്നെയാണ് പ്രതിയെന്നാണ് അറിയുന്നത്. കൊണ്ടോട്ടി ഡി വൈ എസ്പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ബലാല്‍സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു. വസ്ത്രങ്ങള്‍ കീറിപ്പറിച്ച നിലയിലും ദേഹത്താകെ മണ്ണ് പറ്റിപ്പിടിച്ച നിലയിലുമാണ് വിദ്യാര്‍ഥിനി അഭയം തേടിയെത്തിയതെന്ന് അഭയം നല്‍കിയപ്രദേശവാസി പറഞ്ഞു. പെണ്‍കുട്ടിയുടെ വായില്‍ ഷാള്‍ കുത്തിക്കയറ്റിയിരുന്നു. കല്ലുകള്‍കൊണ്ട് മുഖത്തിടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നതായി ഇവര്‍ പറഞ്ഞു.
പരുക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ആക്രമണം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തിരുന്നു