സുധീരനെ കെപിസിസി ചർച്ചയിലൂടെ അനുനയിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല
കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ച വി എം സുധീരനെ ചർച്ചയിലൂടെ അനുനയിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല. കെപിസിസി എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടു പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഷ്ട്രീയകാര്യ സമിതിയിൽ സുധീരൻ അനിവാര്യമാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
പ്രശ്‌നപരിഹാരമാണ് ജനങ്ങളും പ്രവർത്തകരും ആഗ്രഹിക്കുന്നത്. അതിനുള്ള സാഹചര്യമൊരുക്കുമെന്ന് കെപിസിസി പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. സുധീരൻ സമിതിയിലുണ്ടാകേണ്ടത് അനിവാര്യമാണ്. സുധീരന്റെ അഭിപ്രായങ്ങളും നിലപാടും സമിതിയിൽ വളരെ പ്രയോജനകരമാണ്. അതിലൊരു സംശയവുമില്ല.
അഭിപ്രായവ്യത്യാസം കോൺഗ്രസിൽ സ്വാഭാവികമാണ്. അതെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് സുധീരൻ രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറിയത്.