സുധീരന്റെ രാജി എന്തുകൊണ്ടെന്ന് അറിയില്ല; തീരുമാനം വിഷമമുണ്ടാക്കുന്നതെന്ന് വി.ഡി സതീശൻ
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ രാജിവച്ച തീരുമാനം നിരാശപ്പെടുത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്ത് കാരണത്തിലാണ് രാജി എന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വാർത്ത ശരിയാണെങ്കിൽ വളരെ നിരാശപ്പെടുത്തുന്നത് എന്നാണ് വി.ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. അനാരോഗ്യകാരണം പറഞ്ഞാണ് രാജിയെന്നാണ് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത്. സുധീരനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും സതീശൻ പറഞ്ഞു.
അനാവശ്യ സമ്മർദ്ദം ചെലുത്തുന്നയാളല്ല സുധീരനെന്നും സംസാരിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് വി.ഡി സതീശൻ കൊച്ചിയിൽ പറഞ്ഞു. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നാണ് വി.എം സുധീരൻ രാജിപ്രഖ്യാപനത്തിന് ശേഷം പറഞ്ഞത്.
അതേസമയം പാർട്ടിയിലെ മാറ്റങ്ങളിൽ ചർച്ച ഉണ്ടായില്ലെന്നും കെപിസിസി പുനസംഘടനാ ചർച്ചകളിലും ഒഴിവാക്കിയെന്നും സുധീരൻ പരാതി ഉയർത്തുന്നു. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്.
പ്രശ്നങ്ങൾ കെപിസിസി പ്രസിഡൻറ് പരിഹരിക്കുമെന്ന് കെപിസിസി വർക്കിങ് പ്രസിഡൻ്റ് പി ടി തോമസ് പറഞ്ഞു. ഇതിലും വലിയ സ്ഥാനങ്ങൾ സുധീരൻ രാജിവച്ചിട്ടുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രതികരിച്ചു.